കനത്തചൂടില്‍ വെന്തുരുകുകയാണ് ആശുപത്രിക്കിടക്കയിലെ രോഗികളും. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ വാര്‍ഡുകളില്‍ ഫാന്‍ കേടായതോടെ വീട്ടില്‍ നിന്ന് ഫാന്‍ എത്തിച്ചാണ് ആശ്വാസം കണ്ടെത്തുന്നത്. 

17 രോഗികളുള്ള സ്ത്രീകളുടെ വാര്‍ഡായ 23 ലെ അവസ്ഥയാണിത്. ഓരോ ബെഡിന് മുകളിലും ഫാനുണ്ടെങ്കിലും ചിലത് പേരിന് കറങ്ങും. ചിലത് പ്രവര്‍ത്തനരഹിതവും. ഇതോടെയാണ് വീട്ടില്‍ നിന്ന് ഫാനുകള്‍ എത്തിച്ചത്. വെന്തുരുകുന്ന ചൂടില്‍ ഫാന്‍  ഇല്ലാതായതോടെ രോഗികളുടെ തളര്‍ച്ചയും ക്ഷീണവും കൂടി.

രോഗികളുടെ പരാതി വര്‍ധിച്ചതോടെ കേടായ ചില ഫാനുകളൊക്കെ മാറ്റി തുടങ്ങിയിട്ടുണ്ട്. ഒപിയിലും ദിവസവും നൂറുകണക്കിന് രോഗികളെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വരാന്തകളിലും ഫാനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

​കടലിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഉപ്പുകാറ്റേറ്റാണ് ഫാനുകള്‍ പെട്ടെന്ന് നശിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കേടായ എല്ലാ ഫാനുകളും മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു പറഞ്ഞു.

ENGLISH SUMMARY:

Patients in hospital beds are suffering from extreme heat due to broken fans at Kozhikode Beach Hospital. Relatives are bringing fans from home to provide relief to the patients in the wards.