എറണാകുളം തിരുമാറാടിയില്‍ ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മുറ്റത്ത് സമീപം നാല് ചക്കകൾ വീണു കിടക്കുന്നത് കണ്ട അതെടുക്കാനായാണ് വീട്ടുകാര്‍ എത്തിയത്. എന്നാല്‍ ചക്ക എടുക്കാന്‍ നോക്കിയപ്പോളാണ് പാമ്പ് ചത്തുകിടക്കുന്നതായി കണ്ടത്. പാമ്പിന്റെ തലയിൽ ചക്ക വീണ നിലയിലായിരുന്നു.
അതേസമയം, സംസ്ഥാനത്ത് നാലുവയസുള്ള കുട്ടിക്കുള്‍പ്പെടെ ഇന്ന് 10 പേര്‍ക്ക് പാമ്പുകടിയേറ്റു. കോഴിക്കോടും ഇരിങ്ങാലക്കുടയിലും രണ്ടു പേര്‍ക്ക് വീതവും, ഹരിപ്പാട്, എടപ്പാള്‍, ചിറയിന്‍കീഴ്, കാസര്‍കോട്, പാല,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോരുത്തരെയുമാണ് ഇന്ന് പാമ്പ് കടിച്ചത്. തിരുവനന്തപുരം ഇടവ മരക്കടമുക്കില്‍ പാമ്പുകടിയേറ്റ് നാലുമാസം പ്രായമുള്ള ആട് ചത്തു.
കാസര്‍കോട് എളയരിത്തട്ടില്‍ കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ കുഴഞ്ഞുവീണ കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. വീട്ടുമുറ്റത്ത് വച്ചാണ് പാലാ ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസിനെ പാമ്പുകടിച്ചത്. കോഴിക്കോട് പേരാമ്പ്ര കണ്ണിപൊയിലില്‍ സ്വദേശി അഞ്ജലിയെ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. കോഴിക്കോട് പൂനൂര്‍ സ്വദേശി 22കാരന്‍ മുഹമ്മദ് അന്‍സാറിന് ഇന്ന് പുലര്‍ച്ചെയാണ് പാമ്പുകടിയേറ്റത്. കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്.
ഹരിപ്പാട് പള്ളിപ്പാട് ദേവമംഗലത്ത് നാല്‍പതുകാരിയായ സിന്ധുവിനാണ് പാമ്പുകടിയേറ്റത്. രാത്രി വീടിന്റെ ഗേറ്റ് അടക്കുന്നതിന് പോയപ്പോഴാണ് പാമ്പുകടിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുളിൽ ആലപ്പുഴ ജില്ലയിൽ രണ്ടു പേർ മരിക്കുകയും അഞ്ചു പേർക്ക് പാമ്പു കടിയേൽക്കുകയും ചെയ്തിരുന്നു. ചിറയിന്‍കീഴ് പെരുങ്ങുഴി സ്വദേശി ഭുവനചന്ദ്രനെ വീടിന് പുറത്തുവച്ചാണ് പാമ്പ് കടിച്ചത്. മലപ്പുറം എടപ്പാളില്‍ 21 വയസുകാരി ചിറയ്ക്കല്‍ സ്വദേശി ഷഹ്‌ല തസ്നിക്കാണ് കടിയേറ്റത്. ഇരിങ്ങാലക്കുട കാറളം സ്വദേശി പ്രസീതയ്ക്ക് പുല്ല് വെട്ടുമ്പോഴാണ് പാമ്പുകടിയേറ്റത്. കിണര്‍ നിര്‍മാണത്തൊഴിലാളി സനീഷിനും കടിയേറ്റു.
സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റ് ചികില്‍സ തേടിയത് 23 പേരാണ്. ഒമ്പതു പേര്‍ക്കു കൂടി പാമ്പ് കടിയേറ്റതായി സംശയിക്കുന്നു. ആശുപത്രിയിലെത്താന്‍ 108 ആംബുലന്‍സുകളുടെ സഹായം തേടിയവരുടെ കണക്കാണിത്. കോഴിക്കോട് കാരശേരി സജീഷിന്റെ വീട്ടുവളപ്പില്‍ നിന്നും കണ്ണൂർ താഴെ ചൊവ്വയിലെ പഴക്കടയിൽ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മൂവാറ്റുപുഴയില്‍ വീടിന്റെ അടുക്കളയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയില്‍ കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍നിന്ന് അഞ്ചു പാമ്പുകളെ കണ്ടെത്തി. കുട്ടികള്‍ കിടന്ന് ഉറങ്ങിയ കിടക്കയിലാണ് വെള്ളിക്കെട്ടന്‍ ഇനത്തില്‍പെട്ട പാമ്പുകളെ കണ്ടത്. പരിശോധനയില്‍ മറ്റ് മുറികളിലും പാമ്പിനെ കണ്ടെത്തി.