AI Image

  • അമിതിന്‍റെ ശരീരത്തിനടിയില്‍ നിന്ന് ജീവനുള്ള മൂര്‍ഖന്‍പാമ്പിനെ കണ്ടെത്തി. ശരീരത്തില്‍ പത്തു തവണ പാമ്പുകടിയേറ്റതിന്‍റെ പാടുകളുമുണ്ടായിരുന്നു.

ഭര്‍ത്താവിന്‍റെ മരണം പാമ്പുകടിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ കിടപ്പുമുറിയില്‍ തുറന്ന് വിട്ട കേസില്‍ യുവതി കുറ്റക്കാരിയെന്ന് കോടതി. മീററ്റ് സ്വദേശിയായ രവിത കശ്യപും കാമുകന്‍ അമര്‍ ദീപുമാണ് കൊലക്കേസില്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച കോടതി വിധിക്കും. 2025 ഏപ്രില്‍ 13 ന് പുലര്‍ച്ചെയാണ് യുവതിയുടെ ഭര്‍ത്താവായിരുന്ന അമിത് കശ്യപി(31)നെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പൊലീസെത്തി പരിശോധിക്കുമ്പോള്‍ അമിതിന്‍റെ ശരീരത്തിനടിയില്‍ നിന്ന് ജീവനുള്ള മൂര്‍ഖന്‍പാമ്പിനെ  കണ്ടെത്തി. ശരീരത്തില്‍ പത്തു തവണ പാമ്പുകടിയേറ്റതിന്‍റെ പാടുകളുമുണ്ടായിരുന്നു. പാമ്പുകടിയേറ്റാണ് ഭര്‍ത്താവ് മരിച്ചതെന്നായിരുന്നു രവിത ആദ്യം പൊലീസിനോട് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ശ്വാസംമുട്ടിയാണ് അമിത് മരിച്ചതെന്നും പാമ്പുകടിയേറ്റല്ല എന്നും കണ്ടെത്തി. അമിതിന്‍റെ മൂക്കും വായയും അടച്ചു പിടിച്ചുവെന്നും കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും ഈ ബലപ്രയോഗം കാരണം തൈറോയിഡ് ഗ്രന്ഥിക്കും നാഭാസ്ഥിക്കും ക്ഷതമേറ്റതായും കണ്ടെത്തി. 

തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രവിത കുറ്റം സമ്മതിച്ചത്. പൂജയ്ക്കായി പാമ്പിനെ വേണമെന്ന് പറഞ്ഞ് പാമ്പാട്ടിയില്‍ നിന്നും 1000 രൂപ നല്‍കി അമര്‍ മൂര്‍ഖനെ വാങ്ങിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ പാമ്പാട്ടിയുടെ മൊഴിയും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാനാണ് അമിതിനെ വകവരുത്തിയതെന്ന് രവിത പൊലീസിനോട് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ചുമത്തിയിരുന്നു. 2025 ജൂണ്‍ 26നാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 12 സാക്ഷികളെയാണ് കേസിന്‍റെ ഭാഗമായി വിസ്തരിച്ചത്. 

ENGLISH SUMMARY:

A woman from Meerut has been found guilty of murdering her husband and staging his death as a snakebite by releasing a live cobra in their bedroom. Ravita Kashyap and her alleged lover Amar Deep were arrested after her husband Amit Kashyap, 31, was found dead on April 13, 2025, with a cobra discovered beneath his body and multiple snakebite marks. A post-mortem found that Amit died of suffocation and strangulation rather than a snakebite, after which Ravita reportedly confessed during police questioning that the couple had planned the murder so they could start a new life together.