മുണ്ടത്തിക്കോടിന്‍റെ നോവോര്‍മ ഉള്ളിലൊതുക്കി തൃശൂര്‍ പൂരം. ആഡംബരങ്ങളൊഴിവാക്കി ആഘോഷങ്ങള്‍ വെട്ടിക്കുറച്ചും വെടിക്കെട്ടൊഴിവാക്കിയുമാണ് ഇക്കുറി പൂരം നടത്തുന്നത്. കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കിയും ചുരുക്കിയിട്ടുണ്ട്. ഘടകപൂരങ്ങളുടെ വരവോടെയാണ് പൂരാവേശത്തിന് തുടക്കമാകുക. ആകെ എട്ടു ഘടകപൂരങ്ങളാണുള്ളത്. തട്ടകത്തു നിന്ന് കണിമംഗലം ശാസ്താവ് വടക്കുംന്നാഥ സന്നിധിയിലെത്തി .
ഒന്നിന് പിന്നാലെ മറ്റൊന്നെന്ന ക്രമത്തില്‍ എട്ട് പൂരങ്ങള്‍ ഒരേ സ്ഥലത്തെത്തും. മൂന്നാനകളും പഞ്ചവാദ്യവുമായി തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് തുടക്കമാകും.തെക്കേ മഠത്തിന് മുന്നില്‍ നിന്ന് രാവിലെ പതിനൊന്നരയോടെയാകും പഞ്ചവാദ്യത്തിന് തുടക്കമാകുക. ഉച്ചയ്ക്ക് രണ്ടിനാണ് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറ മേളം. ഒടുവില്‍ സ്വരാജ് റൗണ്ടിലേക്ക് എത്തിച്ചേരുമ്പോള്‍ ആനകളുടെ എണ്ണം മൂന്നില്‍ നിന്ന് ഏഴായി ഉയരും.
ചെമ്പട മേളവും ഇലഞ്ഞിത്തറ മേളവും പൂര്‍ത്തിയാകുന്നതോടെ പൂരത്തിലെ വര്‍ണാഭമായ കുടമാറ്റത്തിന് തുടക്കമാകും. വൈകിട്ട് 5.30ന് തെക്കേനടയിലാണ് കുടമാറ്റം. പതിനഞ്ച് മിനിറ്റാണ് ഇക്കുറി തെക്കേ ഗോപുരനടയില്‍ കുടമാറ്റം നടക്കുക. കുടമാറ്റം കാണാനാണ് ഏറ്റവുമധികം ആളുകള്‍ ഒത്തുചേരുക. തുടര്‍ന്ന് രാത്രി പഞ്ചവാദ്യം. രാത്രി പത്തരയോടെ പാറമേക്കാവില്‍ നിന്ന് തുടങ്ങുന്ന പഞ്ചവാദ്യം മണികണ്ഠനാലെത്തുമ്പോള്‍ പുലര്‍ച്ചെ രണ്ടരയാകും. ഏഴാനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്തിന് ബ്രഹ്മ മുഹൂര്‍ത്തത്തില്‍ സമാപനമാകും.
.