സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റു മരണം. ഇടുക്കിയിൽ പാമ്പ് കടിയേറ്റ് 75 കാരി മരിച്ചു. കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. മാങ്ങാ പെറുക്കാൻ വീടിന് സമീപത്ത് ഇറങ്ങിയപ്പോൾ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

 

 തളിപ്പറമ്പ് പട്ടുവം സ്വദേശി 65കാരി നബീസ ഇന്ന് രാവിലെ മരിച്ചിരുന്നു. വെള്ളിയാഴ്ച വീട്ടിൽ വച്ച് പാമ്പുകടി ഏൽക്കുകയായിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഏഴു പേർക്കാണ് പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നബീസയെ അവശനിലയിൽ വീട്ടിൽ കണ്ടെത്തുന്നത്. പാമ്പുകടിയേറ്റെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ഉടൻ തന്നെ ബന്ധുക്കൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു . ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

 

പരിയാരത്ത് എത്തുമ്പോഴേക്കും തീർത്തും അവശയായിരുന്നു. കണ്ണുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല . ശ്വാസതടസ്സവും അനുഭവപ്പെട്ടു . പാമ്പുകടിയേറ്റെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിത്സ നൽകി. ആരോഗ്യസ്ഥിതി വഷളായതിനാൽ ഉടൻതന്നെ വെന്റിലേറ്ററിലേക്കും മാറ്റി . ഇന്ന് പുലർച്ചയാണ് മരണം സംഭവിക്കുന്നത്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കടിച്ചത് ശഖുവരയൻ പാമ്പ് എന്നാണ് സംശയം.

 

സംസ്ഥാനത്ത് പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്ന് മൂന്നു പേർക്ക് കൂടി പാമ്പിന്റെ കടിയേറ്റു. കൊല്ലം രാമൻകുളങ്ങര സ്വദേശി സുദേവനെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ചുരുട്ടയിനത്തിൽപ്പെട്ട പാമ്പ്ക ടിച്ചത്. എറണാകുളം ചെറായിൽ റിസോട്ടിലേത്തിയ യുവതിക്കും പാമ്പുകടിയേറ്റു.കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് കാൽവിരലിൽ പാമ്പ് കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ച ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. പത്തനംതിട്ട മല്ലപ്പള്ളി മുരണിയില്‍ ഒരാള്‍ക്ക് പാമ്പുകടിയേറ്റു. മുരണി സ്വദേശി രതീഷിനാണ് കടിയേറ്റത്. കോട്ടയം മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ENGLISH SUMMARY:

Kerala reports another tragic snakebite death as a 75-year-old woman from Idukki lost her life after being bitten near her home. The incident adds to a growing concern, with seven snakebite deaths recorded across the state within just one week. Earlier, a woman from Taliparamba also succumbed to a suspected snakebite after being hospitalized in critical condition. Several new snakebite cases were reported today from Kollam, Cherai, and Pathanamthitta, though victims are currently stable. Health experts warn of a rising number of snakebite incidents, urging public awareness and quick medical intervention. Authorities continue to monitor the situation closely as cases surge across multiple districts.