തൃശൂർ വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി 19 കാരൻ മുങ്ങിമരിച്ചു. കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്‍ററിലെ ബാച്ചിലർ ഓഫ് പ്രോ സ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ബി.പി.ഒ.) ആദ്യവർഷ വിദ്യാർഥി എം.എസ്.അച്ചുവാണ് (19) മരിച്ചത്.
അവധിദിവസമായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അച്ചു. കാല്‍ വഴുതിയ അച്ചു കുളത്തില്‍ വീണു. ഇതിനിടെ കാല്‍ ചെമ്മീന്‍വലയിലുടക്കിയതോടെ അച്ചുവിന് നീന്താനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് നീന്തലറിയാതിരുന്നതിനാല്‍ അവരും നിസ്സഹായരായി.
തുടര്‍ന്ന് സൂഹൃത്തുക്കള്‍ ചേര്‍ന്ന് നാട്ടുകാരെ വിളിച്ചുവരുത്തിയെങ്കിലും വലയില്‍ കുടുങ്ങിയ അച്ചുവിനെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തി അച്ചുവിനെ പുറത്തെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ് അച്ചു.