തൃശൂര്‍ പൂരത്തിന്‍റെ വിളംബരമോതി നൈതലക്കാവ് ഭഗവതി. വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ  തെക്കേഗോപുരവാതില്‍ തുറന്ന് നൈതലക്കാവ് ഭഗവതി നിയോഗം പൂര്‍ത്തിയാക്കി. നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനടയിലൂടെ പ്രവേശിക്കുമ്പോള്‍ ഒരു പൂര ദിനംകൂടി വരവായി.കൊമ്പന്‍ എറണാകുളം ശിവകുമാറിന്‍റെ പുറമേറി നൈതലക്കാവ് ഭഗവതി തട്ടകത്തു നിന്ന് പുറപ്പെട്ടത് രാവിലെ എട്ടരയോടെ. പറയൊരുക്കി കൂപ്പുകൈകളോടെ ഭക്തര്‍ വഴിയിലുടനീളം നിന്ന് ഭഗവതിയെ തൊഴുതു. ഭഗവതിയെ കൊണ്ടുവരുന്ന ശിവകുമാറിന് വയറുനിറയ്ക്കാന്‍ തണ്ണിമത്തനും കരിക്കും പൈനാപ്പിളും ഭക്തര്‍ നല്‍കി. ദേശക്കാരുടെ ഹൃദയം നിറഞ്ഞൊരു വരവായിരുന്ന ഭഗവതിയുടെ പുറപ്പാട്.

നാഗസ്വരത്തിന്‍റെ അകമ്പടിയില്‍ ഭഗവതിയുടെ വരവ് മാലോകരെല്ലാം എതിരേറ്റു. അഞ്ചു കിലോമീറ്ററോളം ദേശക്കാര്‍ നടന്ന് ഭഗവതിയുമായി മണികണ്ഠനാലില്‍ എത്താന്‍ രണ്ടു മണിക്കൂറെടുത്തു.

വടക്കുന്നാഥന്‍റെ മുറ്റത്തെ മണികണ്ഠനാലില്‍ പിന്നെ പാണ്ടിമേളത്തിന്‍റെ ഊഴമായിരുന്നു. കൊട്ടിന്‍റെ ആശാന്‍ സാക്ഷാല്‍ കിഴക്കൂട്ട് അനിയന്‍മാരാര്‍ പാണ്ടികൊട്ടി. ഭഗവതിയുടെ വരവിനെ പ്രൗഢമാക്കുകയെന്ന ചിന്ത മാത്രമായിരുന്നു മേളം കേള്‍ക്കുന്നവരുടെ മനസില്‍ ഇക്കുറി.ശ്രീമൂലസ്ഥാനത്ത് എത്തിയ ശേഷം ഭഗവതി ക്ഷേത്രത്തിലേയ്ക്കു പ്രവേശിച്ചു

വടക്കുന്നാഥനെ വണങ്ങിയ ശേഷം ഭഗവതി തെക്കേഗോപുരവാതില്‍ തുറന്നു. നെറ്റിപ്പട്ടം ചൂടിയ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ സ്വര്‍ണത്തിന്‍റെ അഴകോടെ പുറത്തു കടന്നു. തെക്കേനടയില്‍ കാത്തുന്ന പുരുഷാരം ഭഗവതിയെ തൊഴുതു.നിലപാടു തറയില്‍ പൂരവിളംബരം നടത്തി നൈതലക്കാവ് ഭഗവതി തട്ടകത്തേയ്ക്കു മടങ്ങി. ഇനി നാളെ തൃശൂര്‍ പൂരത്തിനു കാണാമെന്ന് ചൊല്ലിയായിരുന്നു ഭഗവതിയുടെ മടക്കം. 

 

ENGLISH SUMMARY:

Nethilakkavu Bhagavathy announced the Thrissur Pooram by opening the southern gate of Vadakkunnathan Temple. The procession, led by elephant Ernakulam Shivakumar, signifies the imminent start of the grand festival.