ഡോ.സംഗീത, ഡോ.എം.കെ.റാം
കണ്ണൂര്‍ അഞ്ചിരിക്കണ്ടി ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഡോക്ടര്‍ എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല. ഡോക്ടര്‍ സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കണ്ണൂര്‍ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജ്യാമ്യം അനുവദിച്ചത്. വിദ്യാർഥിയെ ക്ലാസ് മുറിയിൽ വെച്ച് ജാതീയമായി അധിക്ഷേപിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഒന്നാം പ്രതിക്കെതിരെ പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്.
വിദ്യാർഥി കോളജ് കെട്ടിടത്തിൽ നിന്ന് ചാടിയത് സഹതാപം പിടിച്ചുപറ്റാനാണെന്ന് ഒന്നാം പ്രതി മറ്റ് വിദ്യാർഥികളോട് പറഞ്ഞതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം ഒന്നാം പ്രതിക്കെതിരെ നിലനിൽക്കുമെന്ന വാദവും പ്രോസിക്യൂഷൻ ശക്തമായി ഉന്നയിച്ചു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഒന്നാം പ്രതിക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.
അതേസമയം, നിലവിൽ രണ്ട് പ്രതികളും ഒളിവിലാണെന്നാണ് വിവരം. വിദ്യാർഥിയുടെ കുടുംബവും മറ്റ് വിദ്യാർഥികളും ഒന്നാം പ്രതി ഡോ.റാമിനെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്.