തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ട് വയസുകാരന്റെ വീടിന്റെ തറ പൊളിച്ച് പരിശോധിച്ചിട്ടും പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല. വനംവകുപ്പിന്റെ സർപ്പ ടീം എത്തിയാണ് പരിശോധിച്ചത്. പാമ്പിന്റെ ശല്യം കാരണം വീട് ഒഴിയേണ്ട അവസ്ഥയിലാണ് കുടുംബം.
ഒരാഴ്ചക്കുള്ളിൽ അഞ്ച് പാമ്പിൻ കുഞ്ഞിനെയാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ രണ്ടു പാമ്പിനെ കണ്ടെത്തി. ആൽജോയെ കടിച്ച ശംഖു വരയൻ ഇനത്തിൽപെട്ട പാമ്പിനെയാണ് വീണ്ടും കണ്ടെത്തിയത്. പാമ്പുകടിയേറ്റ് ഐസിയുവിൽ കഴിയുന്ന രണ്ടാമത്തെ മകനെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ഭയത്തിലാണ് രക്ഷിതാക്കൾ.
മുത്തമകൾ ഇന്നലെ പാമ്പിനെ ചവിട്ടിയെന്നും പാമ്പ് പിടയുന്നത് കണ്ടപ്പോഴാണ് മനസ്സിലായതെന്നും അമ്മ ജോൺസി പറഞ്ഞു. സമീപത്ത് പാമ്പിന്റെ സാന്നിധ്യമുണ്ട്.ശുചിമുറിയിൽ പാമ്പ് കയറാൻ സാധ്യതയുള്ള സ്ഥലം സീൽ ചെയ്യുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. പത്തോളം കുഞ്ഞുങ്ങൾ ഇനിയുമുണ്ടാകുമെന്നും കരിങ്കല്ലുകൾക്കിടയിലെ ചെറിയ സുഷിരങ്ങളാവാം ഇവയുടെ താവളമെന്നും സർപ്പ ടീം ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻ തന്നെ എല്ലാ പാമ്പുകളെയും കണ്ടെത്തണമെന്ന വ്യാപക ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.