hospital-denies-medical-negligence-snake-bite

തിരുവനന്തപുരം ചിറയിന്‍കീഴ് എട്ടുവയസുകാരന്‍ ദിക്ഷല്‍  പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ചികില്‍സാപ്പിഴവില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട്. കുട്ടിക്ക് പാമ്പുകടിയേറ്റതായി തിരിച്ചറിയാനായില്ലെന്നാണ് വിശദീകരണം. രക്തപരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സൂപ്രണ്ട് ഡിഎംഒയ്ക്ക് നല്‍കിയ വിശദീകരണത്തിലുളളത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ദിക്ഷലിന് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആന്‍റിവെനം നല്‍കാതെ വിദഗ്ധ ചികില്‍സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു. 

 

ഇന്നലെ കായംകുളത്തും പാമ്പുകടിയേറ്റ് യുവതി മരിച്ചിരുന്നു. കൊറ്റുകുളങ്ങരയില്‍ ബന്ധുവിന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ ചേരാവള്ളി സ്വദേശി സലീല(40) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രദേശത്ത് പാമ്പ് ശല്യം കൂടുതലാണെന്ന് നാട്ടുകാരും പറയുന്നു. സലീനയ്ക്കും ആശുപത്രിയില്‍ നിന്ന് ആന്റിവെനം നല്‍കിയിരുന്നില്ലെന്നാണ് വിവരം. പാമ്പുകടിച്ച ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ വലതുകാലിന്‍റെ കണങ്കാലില്‍ മുറിവുണ്ടായിരുന്നുവെന്നും ആര്‍എംഒ പറയുന്നു. സലീനയുടെ കാലില്‍ നിന്ന് ചോര വരികയോ നീരുവയ്ക്കുകയോ ഉണ്ടായിട്ടില്ല. രക്തപരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നു. 

 

അതേസമയം, തൃശൂർ  കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരൻ ആൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സർപ്പ ടീം  പരിശോധന നടത്തുകയാണ്. വീടിന്‍റെ തറയുടെ ഒരുഭാഗം പൊളിച്ചാണ് പരിശോധന. കിടപ്പുമുറിയിൽ നിന്ന് ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് ഇന്നലെ കണ്ടെത്തിയത്. ഇത് നാലാം തവണയാണ് വീട്ടിൽ നിന്ന് പാമ്പിനെ കിട്ടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനയ്ക്കായി പാമ്പിനെ കൊണ്ടുപോയി. സർപ്പ ടീം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.  ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.

ENGLISH SUMMARY:

Chirayinkeezhu Taluk Hospital authorities have clarified that there was no medical negligence in the death of 8-year-old Dakshal, stating that initial tests showed no signs of snake venom. Meanwhile, a search by the Sarpa team is ongoing at the house of 8-year-old Aljo in Thrissur after a krait was found for the fourth time. In another tragic incident, a 40-year-old woman named Saleela died after being bitten by a snake during a wedding reception in Kayamkulam. Authorities and snake experts are on high alert as snakebite cases rise across various districts in Kerala.