sreelekha-against-police

പാര്‍ട്ടി പ്രവർത്തകരെ മര്‍ദിച്ചെന്നാരോപിച്ച് വട്ടിയൂര്‍കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിലാണ് ആര്‍.ശ്രീലേഖ ‘പോടാ പുല്ലേ പോലീസേ’ എന്ന  മുദ്രാവാക്യം ഏറ്റുവിളിച്ചത്. മുദ്രാവാക്യം വിളിയില്‍ തെല്ലും ഖേദമില്ലെന്ന് വ്യക്തമാക്കിയ ശ്രീലേഖ പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ പുല്ലേ’ എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്ന് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. അന്നൊന്നും ആരും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരാളെ 'പോടാ' എന്ന് വിളിച്ചതിൽ എന്താണ് തെറ്റെന്നും ശ്രീലേഖ ചോദിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം: ‘ഞാൻ പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ, പുല്ലേ’ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ചിലരെ ഡിസ്മിസ് ചെയ്തിട്ടുണ്ട്. പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്. പല പൊലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊന്നും ആരും, ഒരു രാഷ്ട്രീയ/പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം, ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്? എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് എസ്എച്ച്ഒയോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദേശിച്ചല്ലോ? നല്ല കാര്യം! ഡിജിപിക്ക്, പൊലീസ് കമ്മിഷണർക്ക് നന്ദി!’.

മഴയത്ത് പ്രവർത്തകർക്കൊപ്പം റോഡിലിരുന്നായിരുന്നു പ്രതിഷേധം. 'പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ, കാക്കിയിട്ട തെമ്മാടികളേ, കാക്കിയിട്ടൊരു ഗുണ്ടകളേ, പിണറായിയുടെ തെമ്മാടികളേ, ‍ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും. കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്' എന്നായിരുന്നു പ്രതിഷേധത്തിനിടയിലെ മുദ്രാവാക്യം വിളി. ജലപീരങ്കിയും, പൊലീസ് ബാരിക്കേഡ് തകര്‍ക്കലും തുടങ്ങി പൊലീസുമായുള്ള ഉന്തും തള്ളലും വരെ. ഒടുവില്‍ മഴനനഞ്ഞ് മുദ്രാവാക്യം വിളിച്ച ശ്രീലേഖയെ പ്രവര്‍ത്തകര്‍ തന്നെ പിന്നിലേക്ക് മാറ്റുകയായിരുന്നു.

നെട്ടയത്തുണ്ടായ ബിജെപി–സിപിഎം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. പൊലീസ് നടപടി വൈകിയാല്‍ താന്‍ നേരിട്ട് വന്ന് പ്രതിഷേധിക്കുമെന്നും ധര്‍ണയിരിക്കുമെന്നും ശ്രീലേഖ തിരുവനന്തപുരം പൊലീസ് കമ്മിഷണറെയും ഡിജിപിയെയും അറിയിച്ചിരുന്നു. താന്‍ ഇപ്പോളും പൊലീസിന്റെ നന്മയിൽ വിശ്വസിക്കുന്നുവെന്നും അക്രമം തിരഞ്ഞെടുപ്പ് കാലത്തെ പൊലീസിന്‍റെ അധഃപതനമാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധവും വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തിയത്.

ENGLISH SUMMARY:

Former DGP R. Sreelekha has defended her action of shouting derogatory slogans against the police during a BJP protest at Vattiyoorkavu station. In a Facebook post, she claimed that even during her service, she had used similar language against corrupt officers. The protest was sparked by the alleged custodial torture of BJP workers arrested in Netayam. Following the intense demonstration led by Sreelekha, the Vattiyoorkavu SHO was reportedly directed to go on leave, an action she acknowledged by thanking the DGP and Police Commissioner.