തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. അഴൂര്‍ സ്വദേശികളായ ദിലീപിന്‍റെയും അനുവിന്‍റെയും മകനായ ദക്ഷലാണ് മരിച്ചത്. ഉറങ്ങിക്കിടന്ന കുട്ടിക്ക് വെളുപ്പിന് നാലുമണിയോടെയാണ് പാമ്പിന്‍റെ കടിയേറ്റത്. ഉടന്‍ തന്നെ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൃശൂര്‍ കോടാലിയില്‍ കഴിഞ്ഞ ആഴ്ചയിലാണ് എട്ടുവയസുകാരന്‍ ആല്‍ജോ പാമ്പുകടിയേറ്റ് മരിച്ചത്. ആല്‍ജോയുടെ സഹോദരനും പാമ്പിന്‍റെ കടിയേറ്റിരുന്നു. തലയണയുടെ അടിയില്‍ നിന്നുമാണ് വെള്ളിക്കെട്ടന്‍ പാമ്പിനെ കണ്ടെത്തിയത്. പാമ്പ് ആല്‍ജോയുടെ ചുണ്ടിലാണ് കടിച്ചത്. ഭക്ഷ്യവിഷബാധയാകുമെന്ന് കരുതി കുട്ടിക്ക് വീട്ടുകാര്‍ ജീരകവെള്ളം നല്‍കിയിരുന്നു. അബോധാവസ്ഥയിലായതോടെയാണ് ആശുപത്രിയിലെത്തിച്ചതും തുടര്‍ന്ന് പാമ്പാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചതും.

ENGLISH SUMMARY:

In a tragic incident at Chirayinkeezhu, Thiruvananthapuram, an 8-year-old boy named Dakshal died after being bitten by a cobra while asleep. The incident occurred around 4:00 AM at his residence in Azhoor. Though he was rushed to the Chirayinkeezhu Hospital and later shifted to the Medical College Hospital, his life could not be saved. A cobra was later found inside the house during a search.