മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രം നടത്തിയേക്കും. ദുരന്തത്തിന്റെ വ്യാപ്തിയും പൊതുജനവികാരവും കണക്കിലെടുത്ത് പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ നാളെ അടിയന്തര അവലോകന യോഗം വിളിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കുമെങ്കിലും പൂരം ആചാരപരമായി നടത്തണമെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. 2006-ൽ പൂരത്തിനിടെ വെടിക്കെട്ട് അപകടമുണ്ടായിട്ടും ആചാരപ്രകാരം പൂരം നടന്നുവെന്നും കുടമാറ്റം അടക്കമുള്ള ചടങ്ങുകൾ അന്ന് മുടങ്ങിയില്ലെന്നും ദേവസ്വം ഭാരവാഹികൾ ഓർമ്മിപ്പിച്ചു. സ്ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. സർക്കാരിന്റെ എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി.
ആചാരങ്ങളോടൊപ്പം പൊതുജനവികാരം കൂടി കണക്കിലെടുത്ത് തൃശൂർ പൂരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. "ഇത്രയേറെ പേർ മരിക്കുമ്പോൾ വലിയൊരു പൊതുജനവികാരമുണ്ട്. ആ വികാരത്തെയും ആചാരങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന ബാലൻസ്ഡ് ആയ സമീപനമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കും," രാജേഷ് പറഞ്ഞു.
പൂരം നടത്തിപ്പിൽ ദേവസ്വങ്ങളെയും ഘടകക്ഷേത്രങ്ങളെയും വിശ്വാസത്തിലെടുത്ത് മാത്രമേ തീരുമാനമുണ്ടാകൂ എന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാളെ ചേരുന്ന യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് പുറമെ ഘടകക്ഷേത്ര ഭാരവാഹികളും പങ്കെടുക്കും.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ അപകടം പൂരനഗരിയെ ഒന്നടങ്കം തളർത്തിയെങ്കിലും, പാരമ്പര്യവും ആചാരങ്ങളും കൈവിടാതെ ആഘോഷം നടത്തിയേക്കും. കുടമാറ്റവും ഇലഞ്ഞിത്തറ മേളവും നടത്തുന്നത് സംബന്ധിച്ച അന്തിമരൂപം നാളത്തെ യോഗത്തിന് ശേഷം പുറത്തുവരും.