മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വിട നൽകി നാട്. തൃശൂർ, പഴയന്നൂർ സ്വദേശികളായ മണികണ്ഠൻ, സുദർശനൻ എന്നിവരുടെ സംസ്കാര ചടങ്ങുകൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂർത്തിയായി. 34കാരനായ മണികണ്ഠൻ വെടിക്കെട്ട് പണിക്കാരെ സഹായിക്കാൻ മുണ്ടത്തിക്കോട് എത്തിയതായിരുന്നു. പൂരത്തിൻ്റെ എല്ലാ മേഖലയിലും സജീവമായിരുന്ന മണികണ്ഠന്‍റെ വിയോഗം നാടിന് തീരാ വേദനയായി.
കയ്യിൽ പച്ചകുത്തിയത് കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു. മുണ്ടത്തിക്കോടേക്ക് കരിമരുന്ന് നിർമാണത്തിനായി പോയ നാലംഗ സംഘത്തിൽ നിന്ന് സുദർശനനെ നഷ്ടപ്പെട്ടത് പഴയന്നൂർ വെന്നൂർ നിവാസികൾക്ക് നോവായി. കുടുംബത്തിൻ്റെ ഏക ആശ്രയമാണ് നഷ്‌ടമായത്.
സംസ്കാര ചടങ്ങുകൾ തിരുവില്വാമല ഐവർമഠം നിളാ തീരത്ത് നടന്നു. മലപ്പുറം ചങ്ങരംകുളം അട്ടേക്കുന്ന് സ്വദേശി മണികണ്ഠൻ്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. തിങ്കളാഴ്ചയാണ് വെടിക്കെട്ട് ജോലികൾക്കായി മണികണ്ഠൻ തൃശൂരിലേക്ക് പോയത്