തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ വെടിക്കെട്ട് കരാറുകാരനായ സതീശൻ രക്ഷപെട്ടോ എന്നറിയാതെ വേദനയില്‍ വിങ്ങിപ്പൊട്ടി സുഹൃത്ത് സന്തോഷ്. കഴിഞ്ഞ 13 വർഷമായി വെടിക്കെട്ട് നിർമാണ രംഗത്തുള്ളയാളാണ് സതീശൻ. വെടിക്കെട്ട് ജോലി ഇനി തുടരുന്നില്ലെന്ന് സതീശൻ പറഞ്ഞിരുന്നതായും സന്തോഷ് വേദനയോടെ ഓർമിച്ചു.
പ്രദേശത്തെ അവസ്ഥ വളരെ മോശമാണെന്നും വെടിക്കെട്ട് പുരയുടെ അകത്ത് പത്ത്– മുപ്പത് പേരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചകലെയാണ് തന്‍റെ വീട്, ഭയങ്കര ശബ്ദമാണ് കേട്ടത്, ഓടിയെത്തിയപ്പോള്‍ ആകെ പുകയും ശബ്ദവുമായിരുന്നുവെന്നും സന്തോഷ് വ്യക്തമാക്കി.
‘ഞാന്‍ വന്നപ്പോളും സ്ഫോടന ശബ്ദങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. പുക കൊണ്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. രണ്ടുപേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അത്ര പ്രായമൊന്നും ഇല്ലാത്ത ആളുകളാണ്’ അദ്ദേഹം പറഞ്ഞു. തന്‍റെ കൂട്ടുകാരന്‍ സതീശനും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിട്ടു. ‘കരാറുകാരന്‍ സതീശന്‍ എന്‍റെ സുഹൃത്താണ്. അവനും അകത്തുണ്ടോ എന്ന് സംശയമുണ്ട്. അവനോട് ഈ പരിപാടി നിര്‍ത്താന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. ഒടുവില്‍ ഈ പൂരത്തിന് ശേഷം നിര്‍ത്താമെന്ന് പറഞ്ഞതാണ്. തിരിച്ചറിയാത്ത രീതിയിലാണ് ആളുകളെ കൊണ്ടുപോകുന്നത്’– അദ്ദേഹം നെഞ്ചുപൊട്ടി പറയുന്നു.
അതേസമയം, സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. തിരച്ചിലിനിടെ പാടശേഖരത്തിൽ നിന്നാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. അപകടം നടക്കുമ്പോൾ നാൽപ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
വൈകീട്ട് 3.30ന് ശേഷമാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണ കേന്ദ്രമാണിത്. തിരുവമ്പാടി വിഭാഗത്തിന്‍റെ സാമ്പിൾ പുരയിലാണ് സ്ഫോടനമുണ്ടായത്. അപകടസ്ഥലത്ത് ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലാണ്.
തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടാകുന്നതിനാൽ ഫയർ ഫോഴ്സിന് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും 108 ആംബുലൻസുകൾ ഉൾപ്പെടെ സ്ഥലത്തെത്തിക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.