കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പത്തനംതിട്ട ഓമല്ലൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് യുവാക്കളുടെ ക്രൂര മർദനം. പ്രക്കാനം സ്വദേശി രഞ്ജിത്തിനാണ് മർദനമേറ്റത്. രണ്ട് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. 

കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെ ഓമല്ലൂരിലെ ഭാരത് പെട്രോളിയം പമ്പിലായിരുന്നു സംഭവം. പമ്പിലെത്തിയ യുവാക്കൾ പെട്രോൾ അടിച്ച ശേഷം കുപ്പിയിൽ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ കുപ്പിയിൽ പെട്രോൾ നൽകാൻ ജീവനക്കാരൻ വിസമ്മതിച്ചതോടെ സംഘം രഞ്ജിത്തിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സിസിടിവി ക്യാമറകൾ ഇല്ലാത്ത ഭാഗത്ത് എത്തിച്ചായിരുന്നു മർദനം.

​മിനിഞ്ഞാന്ന് രാത്രിയിലും ഇതേ യുവാക്കൾ പമ്പിലെത്തി കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ട് തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്ന് പുലർച്ചെ ബോധപൂർവം എത്തിയതെന്ന് കരുതുന്നു. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് സംശയമുണ്ട്. 

​അക്രമം ഉടൻ തന്നെ പത്തനംതിട്ട പൊലീസിനെ അറിയിച്ചെങ്കിലും അവർ സ്ഥലത്തെത്തിയില്ലെന്ന് പരാതിയുണ്ട്. വിവരം അറിയിച്ചപ്പോൾ പ്രതികൾ വീണ്ടും വന്നാൽ വിളിക്കാനാണ് പൊലീസ് പറഞ്ഞതെന്നാണ് പരാതി. പരിക്കേറ്റ രഞ്ജിത് നിലവിൽ ചികിത്സയിലാണ്.

Youths Assault Staff at Pathanamthitta Petrol Station:

In Pathanamthitta's Ollur, a petrol pump employee was brutally assaulted by a group of youths over a dispute regarding dispensing petrol into a bottle. The incident highlights the challenges faced by petrol pump staff and raises concerns about public safety and potential substance abuse involvement.