പെട്രോളടിക്കുമ്പോള്‍ പറ്റിക്കപ്പെടുമെന്ന ഒരു ഭയം എപ്പോഴും മനസിലുണ്ടാവാറുണ്ടോ. അന്‍പത് രൂപയ്ക്ക് പെട്രോളടിച്ചാല്‍ പോലും അത് മൊത്തം കയറിയോ എന്ന് ശ്രദ്ധിച്ചല്ലാതെ പമ്പ് വിടാന്‍ തോന്നില്ല. പ്രത്യേകിച്ച് കുത്തനെ വില കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്.
ഇത്രയും ടെന്‍ഷനുള്ള കാലത്ത് ഒരു പുത്തന്‍ തട്ടിപ്പുരീതി കണ്ട് അന്തംവിട്ടിരിക്കുകയാണ് യുപി കാണ്‍പൂറിലെ ചരണ്‍സിങ് എന്ന യുവാവ്. ചരണ്‍സിങ് ഈയടുത്താണ് ഒരു കാറെടുത്തത്, ഒരു ഫോക്സ് വാഗണ്‍ വിര്‍ച്വസ്. ആറ്റുനോറ്റ് സ്പെക്കും ഡീറ്റെയില്‍സും കാറിന്‍റെ എല്ലാ വിവരങ്ങളും പൂര്‍ണമായി പഠിച്ചായിരുന്നു കാര്‍ വാങ്ങല്‍. അങ്ങനെ കാറുമായി ആദ്യമായി യുവാവ് പമ്പിലെത്തി. ഫുള്‍ടാങ്ക് എന്ന അപൂര്‍വ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്.
കാറില്‍ 41 ലീറ്റര്‍ ഇന്ധനം നിറച്ചുകഴിഞ്ഞപ്പോള്‍ പെട്രോളടി നിന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ അളവില്‍ ഇന്ധനങ്ങള്‍ രണ്ട് തവണയായി അടിക്കേണ്ടി വരുമെന്ന് പമ്പിലെ ജീവനക്കാരന്‍ പറഞ്ഞു. അയാള്‍ പമ്പിങ് യന്ത്രത്തില്‍ ചെന്ന് ചില ബട്ടണുകള്‍ അമര്‍ത്തി, തുടര്‍ന്ന് വീണ്ടും ഇന്ധനം നിറയ്ക്കല്‍ തുടങ്ങി.
എന്നാല്‍ കാറില്‍ ഇന്ധനം നിറച്ച് കഴിഞ്ഞ് പമ്പിലെ തൊഴിലാളി ബില്ല് കൈമാറിയപ്പോഴാണ് കളി മാറിയത്. കാറില്‍ 52 ലീറ്റര്‍ പ്രെട്രോളാണ് അടിച്ചിരിക്കുന്നത്. പക്ഷെ കാറിന് ആകെയുണ്ടായിരുന്നത് 45 ലീറ്റര്‍ ടാങ്കും.
തന്‍റെ കാറില്‍ 45 ലീറ്ററേ ഉള്ളൂ അതിനുള്ള ബില്ലേ താന്‍ അടയ്ക്കുകയുള്ളു എന്നായി ചരണ്‍സിങ്. എന്നാല്‍ മുഴുവന്‍ തുകയും അടച്ചിട്ട് പോയാല്‍ മതിയെന്നായി ജീവനക്കാരന്‍. തന്‍റെ കാറിന്‍റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നിന്നെടുത്ത് പമ്പ് ജീവനക്കാരെ കാണിച്ചുകൊടുത്തിട്ടും അവര്‍ അംഗീകരിച്ചില്ല.
ഉടന്‍ തന്നെ തന്‍റെ ഡീലറുമായി ബന്ധപ്പെട്ട് കാര്‍ കമ്പനിയിലെ അധികൃതരുമായി ചരണ്‍സിങ് സംസാരിച്ചു. 45 ലീറ്റര്‍ ടാങ്കാണുള്ളത് 52 ലീറ്റര്‍ അടിക്കുന്നത് സാധ്യമല്ലെന്ന് കമ്പനിയും പറഞ്ഞു. പക്ഷെ 52 ലീറ്ററാണ് അടിച്ചതെന്ന് പമ്പിലെ ജീവനക്കാര്‍ ഉറച്ച് പറഞ്ഞു. ഉടന്‍ തന്നെ കാര്‍ കമ്പനി അധികൃതരോട് ചരണ്‍സിങ് കാര്യമവതരിപ്പിച്ചു. 45 മിനിറ്റുനുള്ളില്‍ ഫോക്സ്‍വാഗണ്‍ അധികൃതര്‍ സ്ഥലത്തെത്തി. തങ്ങളുടെ കാറില്‍ 45 ലീറ്റര്‍ പെട്രോളേ കൊള്ളുവെന്ന് അവര്‍ ആണയിട്ട് പറഞ്ഞു.
ഇതോടെ ടെക്നിക്കല്‍ പ്രശ്നമായേക്കാമെന്നായി പമ്പ്. ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയ ചരണ്‍സിങ് ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. വിവരം വാര്‍ത്തയായതോടെ ജില്ലാ ഭരണകൂടമടക്കം പമ്പിനെതിരെ അന്വേഷണമുത്തവിട്ടിരിക്കുകയാണ്. തട്ടിപ്പ് തുറന്നുകാട്ടിയ ചരണ്‍സിങിനെ അഭിന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മുന്നോട്ടുവരുന്നത്.