ആലപ്പുഴ പുലിയൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം. പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനാണ് മരുമകളുടെ പരാതിയിൽ കല്ലറ തുറന്നത്. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കൂടി വന്നാലേ മരണത്തിൽ വ്യക്തത വരൂ.
കഴിഞ്ഞ മാർച്ച് 20ന് മരിച്ച 74 വയസുകാരൻ യേശുദാസിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പരിശോധിച്ചത്. യേശുദാസിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചുവെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. കൈവിരലുകൾ കരിനീലിച്ച നിലയിലായിരുന്നു എന്നാണ് മരുമകളുടെ ആരോപണം. മരിക്കുന്നതിന് മൂന്ന് മാസം മുൻപ് സ്വത്തു വകകൾ യേശുദാസിന്റെ സഹോദരൻ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായും ഒട്ടേറെ രേഖകൾ കാണാതായതായും മരുമകൾ ആരോപിച്ചു.
പ്രായാധിക്യത്തിന്റെ അവശതകളുള്ള യേശുദാസിനെ പരിചരിച്ചിരുന്നത് ജോലിക്കാരിയായിരുന്നു. വീട്ടിലെ ജോലിക്കാരി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് മരണം എന്നാണ് സംശയം. രേഖകളെക്കുറിച്ച് ചോദിച്ചപ്പോൾ യേശുദാസിന്റെ സഹോദരൻ ഗബ്രിയേൽ കൈമലർത്തിയെന്നും ആകമാനം ദുരൂഹതകൾ ഉണ്ടെന്നും ആരോപിച്ചാണ് മരുമകൾ ലീന കോടതിയെ സമീപിച്ച് പോസ്റ്റുമോർട്ടത്തിനുള്ള അനുമതി നേടിയത്. പോസ്റ്റ്‌മോർട്ടത്തിലൂടെ ദുരൂഹത നീങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി ലീന പറഞ്ഞു.
മരിച്ച യേശുദാസിന് ഭോപ്പാലിലായിരുന്നു ജോലി. മകനും പരാതിക്കാരി ലീനയുടെ ഭർത്താവുമായ ബിൻസ് 2018ൽ മരിച്ചു. മറ്റൊരു മകൾവിദേശത്താണ്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജന്മാരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ലഭിച്ചാലേ ദുരൂഹത നീങ്ങു.