കോഴിക്കോട് പേരാമ്പ്രയ്ക്ക് പിന്നാലെ പാലക്കാട് നെന്‍മാറയിലെ മെറ്റീരിയല്‍സ് സ്ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫിസറുടെ നീക്കം വിവാദമായതോടെ നടപടി ഉപേക്ഷിച്ചു. വോട്ടെണ്ണല്‍ ദിനം വരെ സംസ്ഥാനത്തെ, സ്ട്രോങ് റൂമുകളോ സീല്‍ ചെയ്യാത്ത മുറികളോ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി.
പേരാമ്പ്രയിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ ജില്ലാ കലക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരണം തേടി. പാലക്കാട് വിക്ടോറിയ കോളജിലുള്ള നെന്‍മാറ മണ്ഡലത്തിലെ മെറ്റീരിയല്‍ സ്ട്രോങ് റൂം ഇന്ന് രാവിലെ തുറക്കാന്‍ റിട്ടേണിങ് ഓഫിസറാണ് തിടുക്കത്തില്‍ നടപടി തുടങ്ങിയത്.
എന്നാല്‍ ഇക്കാര്യം ചട്ടവിരുദ്ധമാണെന്നും രേഖാമൂലം അറിയിച്ചില്ലെന്നും ആരോപിച്ച് നെന്‍മാറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും ഡിസിസി പ്രസിഡന്‍റുമായ എ.തങ്കപ്പന്‍ രംഗത്തുവന്നു. രണ്ട് ബൂത്തുകളില്‍ നൂറ് ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന കണക്കില്‍ യുഡിഎഫിന് പരാതിയുണ്ട്.
എന്നാല്‍ ഇവിഎം സ്ട്രോങ് റൂമല്ല തുറക്കുന്നതെന്നായിരുന്നു ജില്ലാ കലക്ടറുടെ വിശദീകരണം. എന്‍കോര്‍ സൈറ്റില്‍ പോളിങ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഫോം 17–എ എടുക്കാന്‍ മെറ്റീരിയല്‍ റൂമാണ് തുറക്കാന്‍ നടപടി തുടങ്ങിയത്. പ്രിസൈഡിങ് ഓഫിസര്‍ ഡയറി മറന്നുവച്ചുവെന്ന പ്രചാരണം തെറ്റാണ്. രേഖാമൂലം അറിയിപ്പ് നല്‍കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നതോടെ നടപടി നിര്‍ത്തിവയ്ക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.
പേരാമ്പ്രയ്ക്ക് പിന്നാലെ നെന്‍മാറയിലും വിവാദം ഉയര്‍ന്നതോടെ സംസ്ഥാനത്തെ, സ്ട്രോങ് റൂമുകളോ സീല്‍ ചെയ്യാത്ത മുറികളോ വോട്ടെടുപ്പ് ദിവസം വരെ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കി. അതേസമയം, പേരാമ്പ്രയിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ ജില്ലാ കലക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരണം തേടി.