Untitled design - 1

ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ വാഹനാപകടത്തിനു കാരണം ഡ്രൈവറുടെ പരിചയക്കുറവും പ്രായക്കുറവുമെന്ന് ആര്‍.ടി.ഒ. അമിത ബ്രേക്ക് ഉപയോഗവും അപകടത്തിലേക്ക് നയിച്ചു. മോശം കാലവാസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ല. വാഹനത്തിന് തകരാറുകളും പരിശോധനയില്‍ കണ്ടെത്തിയില്ലെന്ന്  പൊള്ളാച്ചി ആര്‍.ടി.ഒ. സെഞ്ചഴിയന്‍ വ്യക്തമാക്കി. 

 

പൊള്ളാച്ചിക്കുമിടയിൽ ചുരം റോഡിൽ പതിമൂന്നാം ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാൻ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലപ്പുറം വളാഞ്ചേരി പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയും ആണ് മരിച്ചവര്‍

 

Also Read: പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍‌ ഉള്ളുലഞ്ഞ് ഉറ്റവരും ഉടയവരും; വിതുമ്പി സഹപ്രവര്‍ത്തകര്‍

മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത(45), പാങ്ങ് ഗവ.എൽപി സ്കൂളിൽ നിന്ന് സമീപത്തെ പാങ്ങ് ജിയുപി സ്കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന(37) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി ഹിഷാം(12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് മരിക്കുകയായിരുന്നു.

 

വേദനയോടെ പാങ്ങ്, നൊമ്പരമായി ആ ചിത്രങ്ങൾ

 

ഒരു സ്കൂളിലെ സഹപ്രവർത്തകർ ഒന്നിച്ച് നടത്തിയ വിനോദയാത്ര വലിയൊരു ദുരന്തമായി മാറിയതിന്റെ ആഘാതത്തിലാണ് പാങ്ങ് പാറമ്മൽ ഗ്രാമവും സ്കൂളും സഹപ്രവർത്തകരും. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങള്‍ സ്‌കൂള്‍ ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. ഈ ചിത്രങ്ങള്‍ പാങ്ങിലെ നാട്ടുകാർക്കൊപ്പം കേരളത്തെയാകെ  ഇപ്പോള്‍ നൊമ്പരപ്പെടുത്തുകയാണ്. തേയിലത്തോട്ടങ്ങളുടെ ഭംഗിയും വെള്ളച്ചാട്ടങ്ങളുടെ കുളിർമയും ആസ്വദിച്ച് അധ്യാപകർ പങ്കിട്ട വാട്സ്ആപ് സ്റ്റാറ്റസുകളും നിരവധി പേരിൽ വേദനയുണർത്തുകയാണ്. 

 

അപകടം പതിയിരിക്കുന്ന കൊടുംവളവ്

 

60 കിലോമീറ്ററോളം നീളുന്ന മലക്കപ്പാറ-വാൽപ്പാറ പാത അതീവ അപകടം നിറഞ്ഞതാണ്. 40 ഹെയർപിൻ വളവുകളുള്ള ഈ ചുരത്തിൽ നേരിയ അശ്രദ്ധ പോലും വലിയ ദുരന്തത്തിന് കാരണമാകും. വലിയ വാഹനങ്ങൾക്ക് തിരിക്കാൻ പ്രയാസമുള്ള വളവുകളും അഗാധമായ താഴ്ചയുമാണ് ആനമല ടൈഗർ റിസർവിന്റെ ഭാഗമായ ഈ പാതയെ ഭയാനകമാക്കുന്നത്. ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് ഒരുതവണകൊണ്ട് തിരിക്കാൻ പ്രയാസമുള്ള ഒട്ടേറെ വളവുകൾ ഈ പാതയിലുണ്ട്. രാത്രികാലങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യവും ഇവിടെ പതിവാണ്. ജനവാസമില്ലാത്ത ഈ വനമേഖലയിൽ അപകടം നടന്നാൽ പെട്ടെന്ന് സഹായമെത്തിക്കാനും ബുദ്ധിമുട്ടാണ്.

ENGLISH SUMMARY:

Valparai accident cause identified as driver inexperience and youth by the RTO, leading to a tourist van falling 300 feet. This tragic event resulted in the deaths of nine individuals, including school teachers and a student, in Kerala.