valapara-accident-pang-031

വാല്‍പ്പാറ ചുരത്തില്‍ വാഹനാപകടത്തില്‍ മരിച്ച ഒ‌ന്‍പത് മലപ്പുറം സ്വദേശികള്‍ക്ക് യാത്രാമൊഴി ചൊല്ലാന്‍ ഉറ്റവരും ഉടയവരും. മലപ്പുറം പാങ്ങ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. തങ്ങളുടെ പ്രിയപ്പെട്ട  ആറ് അധ്യാപകര്‍ക്കും ഒരു ജീവനക്കാരിക്കും ഒപ്പം ഉണ്ടായിരുന്ന കുരുന്നിനും അധ്യാപകന്റെ ഭാര്യയ്ക്കും വിടചൊല്ലാന്‍ സഹഅധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും കണ്ണീരണിഞ്ഞ് കാത്തുനില്‍ക്കുകയാണ്. പാങ്ങ് സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ നിന്ന് കളിചിരികളോടെ വിനോദയാത്രയക്ക് ഒരുമിച്ച് ഒരേമനസോടെ പുറപ്പെട്ട സംഘമാണ് ചേതയനറ്റ് ഒരുമിച്ച് വിടപറയാന്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിയിരിക്കുന്നത്.  

 

പൊള്ളാച്ചി അപകടത്തിലെ അധ്യാപകരുടെ വിയോഗത്തില്‍ വിതുമ്പി സഹപ്രവര്‍ത്തകര്‍. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്  അജിത ടീച്ചര്‍ തന്നെ വിളിച്ചിരുന്നെന്ന് പാങ്ങ് സ്കൂളിലെ പ്രധാനാധ്യാപകന്‍ .   റെയ്ഞ്ച് ഇല്ലാത്ത മേഖലയിലേക്ക് വാഹനം കടുക്കുന്നു, മീറ്റിങ്ങിന് എത്താനാകില്ലെന്നാണ് പറഞ്ഞത്. ഇതാണ് അവസാനമായി സംസാരിച്ചതെന്നും പാങ്ങ് എച്ച് പ്രധാനാധ്യാപകന്‍ പറഞ്ഞു. അധ്യാപകരുടെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് എഇഒ രാജേഷും പറഞ്ഞു.

 

ഇന്നലെ വാല്‍പ്പാറ ഹെയര്‍പിന്‍ പതിമൂന്നാം വളവില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞ് ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് പോയി മടങ്ങുംവഴിയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പരുക്കേറ്റ് പതിനൊന്ന് വയസുകാരി മസീനെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. 

 

പതിമൂന്നാം വളവിൽ നിയന്ത്രണം വിട്ട ട്രാവലര്‍ സംരക്ഷണ ഭിത്തി തകർത്ത് ഒന്‍പതാം വളവിലേക്ക് മറിയുകയായിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള KL 11 AM 7288 ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്താണ് വാഹനം ഓടിച്ചത്. ഡ്രൈവറടക്കം നാലു പേർ ചികിത്സയിലാണ്. അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറവഴിയാണ് സംഘം വാൽപ്പാറയിൽ എത്തിയത്. അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. 

ENGLISH SUMMARY:

Heartbreaking scenes unfolded in Malappuram as families, students, and colleagues bid a tearful farewell to nine victims of the tragic Valparai road accident. The deceased, including six teachers, a staff member, a child, and a teacher’s wife, were part of a group returning from a leisure trip. The accident occurred at a dangerous hairpin bend in Valparai when the vehicle lost control and plunged down, claiming nine lives. Survivors, including a child, are undergoing treatment in hospitals. Colleagues recalled their final conversations with the victims, highlighting the emotional toll of the tragedy. Rescue efforts were swiftly carried out by locals, police, and fire force teams. The incident has left the entire community in shock, mourning the untimely loss of beloved educators and companions.