സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ച് പേർ മരിച്ചു. കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് നാടിനെ നടുക്കിയ ദുരന്തങ്ങൾ സംഭവിച്ചത്. 

ഇടുക്കി നാരകക്കാനത്ത് വിവാഹസംഘം സഞ്ചരിച്ച ജീപ്പ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശി സാറാമ്മ, ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. വിവാഹ ചടങ്ങിന് ശേഷം സമീപത്തുള്ള വ്യൂ പോയിന്റ് സന്ദർശിച്ച് മടങ്ങുമ്പോഴാണ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്. ജീപ്പിലുണ്ടായിരുന്ന 12 പേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കൊല്ലം കൊട്ടിയത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു. പരവൂർ സ്വദേശികളായ ചാൾസ്, സാൻജോ എന്നിവരാണ് മരിച്ചത്. കൊട്ടിയത്തെ പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിയുടെ പിന്നിലേക്ക് കാർ പൂർണ്ണമായും ഇടിച്ച് കയറിയ നിലയിലായിരുന്നു.

ആലപ്പുഴ വള്ളികുന്നത്ത് ബൈക്ക് യാത്രികർക്ക് മേൽ പിക്കപ്പ് വാൻ പാഞ്ഞുകയറി യുവാവ് മരിച്ചു. താമരക്കുളം പച്ചക്കാട് സ്വദേശി ഹരി (20) ആണ് മരിച്ചത്. ബൈക്കിൽ പെട്രോൾ തീർന്നത് പരിശോധിക്കാനായി റോഡരികിൽ നിൽക്കുകയായിരുന്നു ഹരിയും സുഹൃത്തുക്കളും. ഈ സമയത്താണ് പിക്കപ്പ് വാൻ ഇവർക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ഹരിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ENGLISH SUMMARY:

Kerala road accidents tragically claimed five lives, including a six-month-old baby, across Kollam, Idukki, and Alappuzha districts. This devastating series of incidents highlights ongoing road safety concerns in the state.