ഇടുക്കി അടിമാലി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. കൂട്ടമായിറങ്ങുന്ന കാട്ടാനകൾ ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു. വനംവകുപ്പ് ഇടപെടൽ പേരിനുമാത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇരുട്ട് വീണാൽ അടിമാലി ഒഴിവാത്തടം, ചീയപ്പാറ, കമ്പി ലൈൻ നിവാസികൾ വീടിന് പുറത്തിറങ്ങണമെങ്കിൽ ചങ്കൊന്ന് പിടയ്ക്കും. ഏതുനിമിഷവും വീട്ടുപടിക്കൽ കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെടാം. മേഖലയിലെ തെങ്ങ്, വാഴ, കൊക്കോ തുടങ്ങിയ കൃഷികളെല്ലാം ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു.
വായ്പയെടുത്ത് കൃഷിയിറക്കിയ നിരവധി കർഷകർക്ക് കാട്ടാനക്കൂട്ടം മൂലമുണ്ടായത് കനത്ത നഷ്ട്ടം. പരാതിപ്പെട്ടിട്ടും വനം വകുപ്പ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. മേഖലയിൽ സൗരോർജ്ജ വേലി സ്ഥാപിക്കാമെന്ന സർക്കാരിന്റെ ഉറപ്പും പാലിക്കപ്പെട്ടില്ല. ആനകളെ തുരത്താൻ വനംവകുപ്പ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷകരുടെ നീക്കം