ആലപ്പുഴ തോട്ടപ്പള്ളിയിൽ ഐസ്‌ക്രീം വില്പന കഴിഞ്ഞ് ബൈക്കിൽ മടങ്ങിയ വിദ്യാര്‍ഥികളെ പൊലീസ് ജീപ്പിടിച്ച് താഴെയിട്ട ശേഷം മർദിച്ചതായി പരാതി. ആലപ്പുഴ വണ്ടാനം സ്വദേശികളായ മുഹമ്മദ് ആഷിഖ്, ഷിയാസ് എന്നിവർക്കാണ് പരുക്ക്.

പൊലീസ് ജീപ്പ് ബൈക്കിനോടു ചേർത്ത് അമർത്തിയതിനാൽ രണ്ടുപേരുടേയും കാലുകൾക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പോലുമെത്തിക്കാതെ പൊലീസ് സ്ഥലം വിട്ടു. ഐസ്ക്രീം വിൽപന കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥികളോടാണ്  പൊലിസിന്‍റെ ക്രൂരത. ദേശീയപാത തോട്ടപ്പള്ളിയിൽ വച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനോട് ചേർത്ത് പൊലിസ് ജീപ്പ്  നിർത്തി.

വിദ്യാര്‍ഥികളുടെ കാൽ ജീപ്പിനും ബൈക്കിനും ഇടയിൽപ്പെട്ട് ചതഞ്ഞു. വിദ്യാര്‍ഥികള്‍ ബൈക്കിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് പിറകിലിരുന്ന ഷിയാസിൻറെ മുതുകിൽ ഇടിക്കുകയും ചെയ്തു. പ്ലസ് ടു വിന് പഠിക്കുന്നവരാണ് ഇരുവരും. 

അവധി ദിവസങ്ങളിൽ ഐസ്ക്രീം വിൽപനയ്ക്ക് പോകാറുണ്ട്. ഷിയാസ് ആദ്യമായാണ് ആഷിക്കിൻറെ കൂടെ  വിൽപ്പനയ്ക്ക് പോയത്. നിർധന കുടുംബത്തിൽപ്പെട്ടവരാണ് ഇരുവരും. ബാങ്ക് കൊള്ള നടത്താൻ ഏതോ സംഘങ്ങൾ വന്നിട്ടുണ്ടെന്നും അവരിൽപ്പെട്ടവരാണാ നീയൊക്കെയെന്നും ചോദിച്ചു കൊണ്ടായിരുന്നു പരിശോധന. ഐസ് ക്രീം വിറ്റ പണം പോക്കറ്റിൽ നിന്ന് എടുത്ത ശേഷം ഏത് ബാങ്ക് കൊള്ളയടിച്ചതാടാ ഈ പണം എന്നും ചോദിച്ചെന്ന് ആഷിക്കും ഷിയാസും പറഞ്ഞു.

പൊലീസ് ജീപ്പ് ഇടിച്ചതിനെ തുടർന്ന് ബൈക്കിന് കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ അവിടെ ഉപേക്ഷിച്ച ശേഷം പൊലിസുകാർ പോയി. ഇരുവരുടെയും വീട്ടുകാർ എത്തിയാണ് വിദ്യാര്‍ഥികളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥികളുടെ കുടുംബം അമ്പലപ്പുഴ DySPയ്ക്കും പൊലീസിലും പരാതി നൽകി. വിദ്യാര്‍ഥികളെ ജീപ്പ് ഇടിപ്പിക്കുകയോ മർദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

Thottappally Incident: Police Jeep Strikes Students, Allegations of Brutality Surface:

Alappuzha police brutality involving students who were selling ice cream is a grave concern. The incident in Thottappally has raised serious questions about police conduct and the well-being of vulnerable youth.