sruthi-k-rajan-01

 

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ ശ്രുതിയുടെ വീടിനായുള്ള അപേക്ഷ നിരാകരിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. അപേക്ഷയിൽ കൃത്യമായ വിവരം ഇല്ലാത്തതുകൊണ്ടാണ് മന്ത്രി സഭ മാറ്റിവച്ചതെന്നും പോസിറ്റീവായ സമീപനം ആയിരിക്കും സർക്കാരിന്റേതെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 

 

ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും അടക്കം സർവ്വവും നഷ്ടപ്പെട്ട ശ്രുതിക്ക് ചില സന്നദ്ധ സംഘടനകൾ വീട് വച്ച് നൽകാമെന്ന് വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ വീടിന്റെ പണി പാതിവഴിയിൽ അവസാനിച്ചു . ഇതോടെയാണ് സർക്കാർ ടൗൺഷിപ്പിൽ വീട് വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. എന്നാലിത് അവസാന മന്ത്രിസഭ തള്ളി. ശ്രുതിക്ക് പുറമെ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വാങ്ങിച്ചു മടങ്ങിയ മറ്റ് രണ്ടുപേർ കൂടി ടൗൺഷിപ്പിൽ വീടിനായി അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

വീണ്ടും അപേക്ഷ നൽകിയതിൻ്റ കാരണം വ്യക്തമല്ലാത്തതുകൊണ്ടാണ് അപേക്ഷകൾ മാറ്റിവച്ചത്. കാരണം വ്യക്തമായാൽ ശ്രുതി ഉൾപ്പെടെയുള്ള മൂന്നുപേരേയും ഉൾപ്പെടുത്തുന്നതിൽ തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി.