rain-alert

സംസ്ഥാനത്ത് കടുത്ത വേനല്‍ചൂട് തുടരവേ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (19/04/2026) മുതൽ 23/04/2026 വരെയാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാന വാരത്തോടെ വേനല്‍മഴ ശക്തമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ മുതല്‍ ചൂടില്‍ അല്പം ആശ്വാസമുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

അതേസമയം, വയനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. മീനങ്ങാടിയില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി. പാപ്ലശേരി, അഴിക്കോട് നഗര്‍, കവളമറ്റം ഭാഗങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. വൈകീട്ട് മൂന്നുമണിയോടു കൂടിയാണ് മഴ ആരംഭിച്ചത്.

കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും വൈകീട്ട് രണ്ട് മണിക്കൂറോളം ശക്തമായി മഴ ലഭിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണു. ഏഴിക്കര പഞ്ചായത്തിൽ രണ്ട് വീടുകൾക്ക് മരം വീണ് കേടുപാടുണ്ടായി. പെരുവാരം മഹാദേവ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നിർമിച്ച താൽക്കാലിക പന്തലിൻ്റെ ഷീറ്റുകൾ കാറ്റത്ത് പറന്ന് പോയി. വെളിയത്തുനാട് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് സമീപം കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മേൽക്കൂര വീണ് ബാങ്കിന്‍റെ വാഹനങ്ങൾക്ക് കേടുപാടുണ്ടായി.

ഇടുക്കി ഹൈറേഞ്ചിലും വേനല്‍മഴ ലഭിച്ചു. ദേശീയപാത എണ്‍പത്തിയഞ്ചില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗങ്ങളില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി. പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടിരുന്നു.

സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുളള ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാടും കൊല്ലത്തുമാണ് ഏതാനും ദിവസമായി ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. പാലക്കാട് 40 ഡിഗ്രി സെല്‍സ്യസിലേക്കും കൊല്ലത്ത് 38 ഡിഗ്രി സെല്‍സ്യസിലേക്കും പകല്‍ചൂട് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. 

ഒപ്പം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും നേരിടുകയാണ് സംസ്ഥാനം. തുടര്‍ച്ചയായി രണ്ടാംദിവസവും ഇതാദ്യമായി വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡിട്ടു. ഇന്നലത്തെ ഉപയോഗം 117.15 ദശലക്ഷം യൂണിറ്റാണ്. വൈദ്യുതി ആവശ്യകത 6033 മെഗാവാട്ട് ആയി കൂടി.

ENGLISH SUMMARY:

The India Meteorological Department (IMD) has issued a rain alert for Kerala from April 19 to 22, 2026, providing much-needed relief from the ongoing heatwave. While Palakkad and Kollam continue to record high temperatures of 40°C and 38°C respectively, parts of Wayanad, including Meenangadi, witnessed heavy winds and hailstorms today. Simultaneously, Kerala is facing a severe power crisis, with electricity consumption hitting a record high of 117.15 million units for the second consecutive day. Maximum demand has surged to 6,033 MW, highlighting the strain on the state's power grid during this intense summer. Experts predict that the summer rains will intensify by the last week of April, potentially lowering the mercury levels across most districts.