മൂക്കുത്തിയുടെ ആണി ഉറക്കത്തിനിടയില്‍ ഊരി ശ്വാസകോശത്തിലെത്തിയ വാര്‍ത്ത ഈയിടെ നമ്മള്‍ വായിച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഇപ്പോഴിതാ മൂക്കുത്തിയുണ്ടാക്കിയ  മറ്റൊരു അപകടവും  തുടര്‍ന്ന്  ഫയര്‍ഫോഴ്സ് നടത്തിയ അപൂര്‍വ രക്ഷാപ്രവര്‍ത്തനവുമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

പട്ടിമറ്റം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് കഴിഞ്ഞ ദിവസം രാത്രി  മുക്കുത്തിയുണ്ടാക്കിയ കെണിയില്‍ കുടുങ്ങിയത്.  മൂക്കുത്തി ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ   തലഭാഗം മൂക്കിലെ തുളയിലൂടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. ഇതോടെ മൂക്കുത്തിയുടെ മുകൾഭാഗം പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം ഉള്ളിലായി. 

വീട്ടുകാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും മൂക്കുത്തി പുറത്തെടുക്കാൻ സാധിച്ചില്ല. വേദനയും അസ്വസ്ഥതയും കൂടിയതോടെ രാത്രി 7.30ഓടെ യുവതിയെ വീട്ടുകാർ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചു. സ്റ്റേഷൻ ഓഫിസർ എൻഎച്ച് അസൈനാറിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ രഞ്ജിത്തിന്റെയും നേതൃത്വത്തിൽ സേനാംഗങ്ങൾ മൂക്കുത്തിയുടെ ലോക്ക് മുറിച്ച് നീക്കിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

വളരെ സൂക്ഷമതയോടെ ട്യൂസര്‍, കത്രിക എന്നിവ ഉപയോഗിച്ച് മൂക്കുത്തിയുടെ ലോക്ക് മാറ്റി സുരക്ഷിതമായി ഊരിയെടുത്തു. സേനാംഗങ്ങളുടെ ഈ സമയോചിതമായ ഇടപെടലിന് സോഷ്യല്‍ മീഡിയയിലടക്കം വലിയ കയ്യടിയാണ് ലഭിക്കുന്നത്.  

ENGLISH SUMMARY:

A nose stud accident resulted in a young woman's jewelry becoming lodged inside her nose, requiring a rare rescue operation. The quick actions of the fire brigade successfully removed the nose stud, preventing further harm.