പൊള്ളാച്ചി വാൽപ്പാറയിൽ കേരളത്തില്‍ നിന്നുള്ള വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ടത് വൈകീട്ട് 5.05 ന്. സംഭവം നടന്ന് അഞ്ചു മിനുട്ടിനുള്ളില്‍ പൊള്ളാച്ചിയില്‍ വിവരം ലഭിച്ചു. പിന്നാലെ വന്ന കാറിലുള്ളവര്‍ വിവരം അറിയിച്ചതായി പൊള്ളാച്ചിയിലെ മലയാളി സമാജം പ്രവര്‍ത്തകര്‍ പറഞ്ഞു. 10 ആംബുലന്‍സുകള്‍ പൊള്ളാച്ചിയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയതായും പ്രവര്‍ത്തകര്‍ പറഞ്ഞു.
കോഴിക്കോട് ചാലിയം സ്വദേശിയായ ഹാരിസ് വാല്‍പ്പാറ അപകടത്തിന്‍റെ ദൃക്സാക്ഷിയാണ്. 16-ാം വളവില്‍ സെല്‍ഫി എടുക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. 'അവിടെ നിന്നും വാഹനം പോയി. ഞങ്ങള്‍ 14-ാം വളവിലെത്തുമ്പോഴാണ് അപകടത്തിന്‍റെ ശബ്ദം കേള്‍ക്കുന്നത്. 13ാം വളവിലാണ് സംഭവം. നാല് വാഹനം മുന്നിലാണ് വണ്ടി ഉണ്ടായിരുന്നത്' എന്നും ഹാരിസ് പറഞ്ഞു.
ട്രാവലര്‍ തിരിയുന്നതിനിടെ നിയന്ത്രണം വിട്ടതാകാം അപകടമെന്നാണ് ഹാരിസ് പറയുന്നത്. ടയര്‍ ചെറുതായൊന്ന് മുന്നോട്ട് പോയാല്‍ അപകടമാണ്. ഒന്നരയടി മാത്രമെ അവിടെ വ്യത്യാസമുള്ളൂ. 200 അടി മുകളില്‍ താഴ്ചയുണ്ടാകുമെന്നും ഹാരിസ് പറഞ്ഞു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ചാലക്കുടി എത്തിയ ശേഷം സംഘം അതിരപ്പള്ളി, മലക്കപാറ വഴി വാല്‍പ്പാറയിലെത്തി. അവിടെ നിന്ന് കാഴ്ച കണ്ട് 40 ഹെയര്‍പിന്‍വളവുള്ള ചുരം ഇറങ്ങുന്നതിനിടെ 13-ാം ബെന്‍ഡില്‍ അപകടമുണ്ടാവുകയായിരുന്നു.