തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുണ്ട് കെട്ടി മറച്ച താല്ക്കാലിക സർജറി ഐസിയുവിന്റെ നില പരമദയനീയം. തീപിടിത്തത്തേത്തുടർന്ന് കത്തി നശിച്ച ഐസിയു ഒരു മാസമായിട്ടും പ്രവർത്തനസജ്ജമാക്കിയിട്ടില്ല. കാലതാമസം കാരണം രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആകുന്നില്ലെന്ന് ജനറൽ സർജറി വിഭാഗം മേധാവി പ്രിൻസിപ്പലിന് കത്ത് നൽകി.
വെള്ളമുണ്ടുകൾ കൂട്ടിക്കെട്ടിയ ഐസിയു , ആരോഗ്യ രംഗത്ത് പിന്നിൽ നിൽക്കുന്ന ഏതെങ്കിലും ഇതര സംസ്ഥാനത്തു നിന്നല്ല ഈ കാഴ്ച നമ്പർ വൺ ആരോഗ്യ കേരളത്തിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ്.
സർജിക്കൽ ട്രോമ ഐസിയു വിൽ തീപിടിഞ്ഞമുണ്ടായത് മാർച്ച് 17 ന് . നിസാര തീപിടിത്തമെന്നാണ് അധികൃതർ വിശേഷിച്ചിച്ചതെങ്കിലും ഇതുവരെ വെന്റിലേറ്റർ യൂണിറ്റ് പഴയ പടി ആക്കാൻ
കഴിഞ്ഞിട്ടില്ല. ബെഡുകളെല്ലാം കൂട്ടിയിട്ടിരിക്കുന്നു. 32 വെൻ്റിലേറ്റർ ബെഡുകളുള്ള വാർഡ് അടച്ചതോടെ ഗുരുതര പ്രതിസന്ധി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി പ്രിൻസിപ്പലിന് കത്തു നൽകി. കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾക്ക് ഐസിയു ബെഡുകൾ നൽകാൻ കഴിയുന്നില്ലെന്നും വകുപ്പ് മേധാവി ചൂണ്ടിക്കാട്ടുന്നു. കാല താമസത്തിന് പിന്നിൽ
പി ഡബ്‌ളുഡി , ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേറ്റ് എന്നിവരുടെ ക്ലിയറൻസ് വൈകുന്നത് ആണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രതിസന്ധി പരിഹരിക്കാൻ പ്രിൻസിപ്പൽ യോഗം വിളിച്ചു.