Untitled design - 1

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ലൗ ജിഹാദ് അല്ലെന്ന് രാഹുല്‍ ഈശ്വര്‍. മധ്യപ്രദേശ് പൊലീസ് അവരെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. പെണ്‍കുട്ടിയ്ക്ക് കേരളത്തിൽ ജീവിക്കാനാണ് ഇഷ്ടം. നിർബന്ധിത മതപരിവർത്തനമല്ല. അവർ അഭയം തേടി വന്നതാണ്. ഹൈക്കോടതി അറസ്റ്റു തടഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ജനിച്ചത് 2008 ജനുവരിയിലാണ്. ഇപ്പോള്‍ പ്രായപൂർത്തിയായിട്ടുണ്ട്. കേരളത്തിൽ ജീവിച്ചാൽ മതിയെന്ന് പെണ്‍കുട്ടി പറയുന്ന ശബ്ദസന്ദേശം രാഹുല്‍ ഈശ്വര്‍ പുറത്തു വിട്ടു. 

 

Also Read: ഫര്‍മാന്‍റെ സുഹൃത്തിനെ തേടി മധ്യപ്രദേശ് പൊലീസ് തൃക്കാക്കരയില്‍; സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം

അതേസമയം പെൺകുട്ടിയെയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിലുറച്ചാണ് മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തുടരുന്നത്. പെൺകുട്ടിയെ ഉടൻ ഹാജരാക്കാൻ ഇവർക്ക് സഹായമൊരുക്കുന്നവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ പൊലീസിന് മുൻപിൽ ഹാജരാകേണ്ടതില്ലെന്നാണ് പെൺകുട്ടിയുടെ തീരുമാനം. നിയമനടപടികളുടെ ഭാഗമായി എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാനാണ് നീക്കം. ഇതോടൊപ്പം, മജിസ്ട്രേറ്റിന് മുൻപിൽ പെൺകുട്ടി രഹസ്യമൊഴി നൽകാനും സാധ്യതയുണ്ട്. 

 

പെണ്‍കുട്ടി വിവാഹത്തിന് ഹാജരാക്കിയത് വ്യാജരേഖകളല്ലെന്ന നിലപാടിലാണ് കേരള പൊലീസ്. വിവാഹം റജിസ്റ്റര്‍ ചെയ്ത പഞ്ചായത്തിന്‍റെയും അനുമതി കൊടുത്ത പൊലീസിന്‍റെയും നടപടികളില്‍ വീഴ്ചയില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം റൂറല്‍ എസ്.പി, ഡി.ജി.പി്ക്ക് റിപ്പോര്‍ട്ട് നല്‍കി. അതിനിടെ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായെന്ന് വ്യക്തമാക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ വിവാഹശേഷം റദ്ദാക്കിയതില്‍ ദുരൂഹത വര്‍ധിക്കുകയാണ്. അതിന്‍റെ കാരണം പെണ്‍കുട്ടിക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ തന്നെ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ് പൊടുന്നനെ റദ്ദാക്കിയതാണ്. 

 

2025 ജൂണ്‍ 6നാണ് പെണ്‍കുട്ടിക്ക് മധ്യപ്രദേശിലെ പഞ്ചായത്ത് വകുപ്പ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതുനസരിച്ച് 2008 ജനുവരി 1 ആണ് ജനനതീയതി. അങ്ങിനെ വരുമ്പോള്‍ കല്യാണം നടന്ന മാര്‍ച്ച് 11ന് പതിനെട്ട് വയസും രണ്ട് മാസവും 11 ദിവസും പൂര്‍ത്തിയായി. ഈ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പെണ്‍കുട്ടി ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നേടി. മധ്യപ്രദേശില്‍ വോട്ടവകാശവും ലഭിച്ചു. ഇതിലെല്ലാം പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ട്. അതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെ രണ്ടാഴ്ച മുന്‍പാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും കല്യാണത്തിന് പ്രായമായില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തത്. 

 

പ്രായപൂര്‍ത്തിയായെന്ന് ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍ വരെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ട്, പിന്നീട് പ്രായമായില്ലെന്ന് അതേ സര്‍ക്കാര്‍ വകുപ്പ് തന്നെ പറയുന്നതിലാണ് ദുരൂഹത. എന്തായാലും കേരളത്തില്‍ വിവാഹത്തിന് ഹാജരാക്കിയ രേഖകളൊന്നും വ്യാജമല്ലെന്ന് പൊലീസ് ഉറപ്പിച്ചു. വ്യാജമല്ലാത്തതുകൊണ്ട് തന്നെ വിവാഹം നടത്തിയതിലും പങ്കെടുത്തതിലും റജിസ്റ്റര്‍ ചെയ്തതിലും വീഴ്ചയില്ലെന്നാണ് തിരുവനന്തപുരം റൂറല്‍ എസ്.പി, ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ENGLISH SUMMARY:

Rahul Easwar has released an audio message from a girl stating she wishes to live in Kerala, refuting claims of love jihad and forced religious conversion. Madhya Pradesh police are attempting to take her into custody, but the Kerala High Court has stayed her arrest, acknowledging her adult status.