പൊള്ളാച്ചി വാൽപ്പാറയിൽ കേരളത്തില്‍ നിന്നുള്ള വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ടതില്‍ ചികിത്സയിലുണ്ടായിരുന്ന കുട്ടിയും മരണപ്പെട്ടു. പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരിച്ചത്. കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നതായി രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു. ആശുപത്രിയിലേക്ക് വന്നയുടനെ സംസാരിച്ചിരുന്നു. രണ്ട് വാക്ക് സംസാരിച്ചു. അച്ഛനില്ല അമ്മയാണുള്ളത് എന്ന് പറഞ്ഞു ഫോണ്‍ നമ്പര്‍ പറഞ്ഞു തരാന്‍ സാധിച്ചില്ലെന്നും രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു.
പതിമൂന്നാം വളവിൽ നിയന്ത്രണം വിട്ട ട്രാവലര്‍ സംരക്ഷണ ഭിത്തി തകർത്ത് ഒന്‍പതാം വളവിലേക്ക് മറിയുകയായിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള KL 11 AM 7288 ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്താണ് വാഹനം ഓടിച്ചത്. ചാലക്കുടി എത്തിയ ശേഷം സംഘം അതിരപ്പള്ളി, മലക്കപാറ വഴി വാല്‍പ്പാറയിലെത്തി. അവിടെ നിന്ന് കാഴ്ച കണ്ട് 40 ഹെയര്‍പിന്‍വളവുള്ള ചുരം ഇറങ്ങുന്നതിനിടെ 13-ാം ബെന്‍ഡില്‍ അപകടമുണ്ടാവുകയായിരുന്നു.
13-ാം ഹെയർപിന്‍ വളവില്‍ വണ്ടി നിയന്ത്രണം വിട്ട് ഇടിക്കുകയും ഒന്‍പതാം വളവിലേക്ക് പതിക്കുകയായിരുന്നു. ഉരുണ്ട് വന്ന വാഹനം മലയടിവാരത്തെ ഒരു ഭാഗത്തേക്ക് ഇടിച്ച് നിന്നു. വാഹനം മലക്കം മറിഞ്ഞതോടെ പൂര്‍ണമായും തകരുകയായിരുന്നു. വാല്‍പാറയിലെ കാഴ്ചകള്‍ കണ്ട് തിരിച്ച് പൊള്ളാച്ചിയിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
16-ാം വളവില്‍ സെല്‍ഫി എടുക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ദൃക്സാക്ഷി ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. 'അവിടെ നിന്നും വാഹനം പോയി. ഞങ്ങള്‍ 14-ാം വളവിലെത്തുമ്പോഴാണ് അപകടത്തിന്‍റെ ശബ്ദം കേള്‍ക്കുന്നത്. 13ാം വളവിലാണ് സംഭവം. നാല് വാഹനം മുന്നിലാണ് വണ്ടി ഉണ്ടായിരുന്നത്' എന്നും ഹാരിസ് പറഞ്ഞു.