മലയാളികളായ പാചകക്കാരെ കിട്ടാനില്ലാത്തതിനാൽ തൃശൂരിൽ ഒരു ഹോട്ടൽ അടച്ചു പൂട്ടി. ആനകളുടെ ചിത്രങ്ങൾ നിറഞ്ഞ ചേർപ്പിലെ ആനക്കടയാണ് അടച്ചുപൂട്ടിയത്. അതിഥി തൊഴിലാളികളെ ജോലിക്കെടുക്കേണ്ടന്ന ഉടമയുടെ തീരുമാനമാണ് അടച്ചുപൂട്ടലിൽ എത്തിയത്. ഓ വലിയ ആനക്കാര്യമായി പോയി എന്ന് തോന്നാം. ഒരു ചായകുടിച്ച് ആനക്കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ സ്ഥലമായിരുന്നു തിരുവുള്ളക്കാവിലെ ആനക്കട. പാചകക്കാർക്ക് അസുഖം ബാധിച്ചതോടെ ഹോട്ടലിന്റെ പ്രവർത്തനം മുടങ്ങി. പകരം മലയാളി പാചകക്കാരെ തന്നെ കിട്ടാതായപ്പോൾ ഹോട്ടൽ പൂട്ടാമെന്ന തീരുമാനത്തിൽ എത്തി. കടമുറി വാടകയ്ക്ക് കൊടുക്കും. പക്ഷെ മറ്റൊരു ഹോട്ടലായി ആനക്കട മാറില്ലെന്നു ഉടമസ്ഥൻ രാജു പറഞ്ഞു.
ഇവിടത്തെ വിഭവങ്ങൾ കഴിഞ്ഞു. അവശേഷിക്കുന്നത് പലപ്പോഴായി ശേഖരിച്ച 400 ആനകളുടെ ചിത്രങ്ങൾ. ജീവൻതുടിക്കുന്ന ഈ ചിത്രങ്ങൾക്ക് ഷട്ടറിടാനാവില്ല. അവ ഇനി എവിടെ സൂക്ഷിക്കും എന്ന സംശയത്തിലാണ് രാജു. 53 വർഷങ്ങൾക്കു മുമ്പ് പേരിടാതെ തുടങ്ങിയ ഈ കട അച്ഛനിൽ നിന്നാണ് രാജു ഏറ്റെടുത്തത്. രാജുവിന്റെ ആനപ്രേമത്തിൽ നിന്ന് അത് ആനക്കടയായി. തിരുവുള്ളക്കാവ് മണികണ്ഠൻ ഇവിടത്തെ സ്ഥിരം കസ്റ്റമർ ആയിരുന്നു. തുമ്പിക്കൈയിൽ അപ്പവുമായേ കൊമ്പൻ പോകാറുള്ളു. ആ ഓർമകൾക്ക് താഴ് വീഴുന്ന വേദനയിലാണ് കടയുടമ.