കഴിഞ്ഞ ഡിസംബറില്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പി.ജി. ഹോസ്റ്റലില്‍ കള്ളന്‍ കയറി. ലാപ്ടോപ്പും എ.ടി.എം. കാര്‍ഡുകളും കവര്‍ന്നു. അഞ്ചു മാസം അന്വേഷിച്ചിട്ടും ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖ് ഈ കേസിന്‍റെ അന്വേഷണം പ്രത്യേക സ്ക്വാഡിന് കൈമാറി. രഹസ്യ പൊലീസിലെ എ.എസ്.ഐ: പഴനി സ്വാമി. പേരാമംഗലം സ്റ്റേഷനിലെ എ.എസ്.ഐ: സുഗതന്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം കേസന്വേഷിച്ചു.
വഴിത്തിരിവായത് ലാപ്ടോപ് വില്‍പന
പൊലീസ് ലാപ്ടോപ് സെക്കന്‍ഡ് ഹാന്‍ഡ് ആയി വാങ്ങുന്ന തൃശൂരിലെ കടകള്‍ പരിശോധിച്ചു. ഈയിടെ പഴയ ലാപ്ടോപ്പുകള്‍ വില്‍ക്കാന്‍ വന്നവര്‍ ആരൊക്കെയാണ്? അങ്ങനെ, നഗരത്തിലെ കടകളില്‍ പൊലീസ് കയറിയിറങ്ങി. ഇതിനെല്ലാം പുറമെ മറ്റൊരു കാര്യം കൂടി പൊലീസ് ചെയ്തു. എ.ടി.എം. കാര്‍ഡില്‍ നിന്ന് പണം പോയിട്ടുണ്ടോ? കളവ് നടന്ന ആ ദിവസം എ.ടി.എം. കാര്‍ഡില്‍ നിന്ന് പണം പോയി. തൃശൂര്‍ നഗരത്തിലെ എ.ടി.എ. കൗണ്ടറില്‍ നിന്നാണ് പണമെടുത്തിട്ടുള്ളത്. പിന്‍ നമ്പര്‍ കാര്‍ഡില്‍ തന്നെ എഴുതിയിരുന്നു. പി.ജി. മെഡിക്കല്‍ വിദ്യാര്‍ഥികളുടേതാണ് എല്ലാം നഷ്ടപ്പെട്ടത്. എ.ടി.എം. കൗണ്ടറിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്‍റെ പടം കിട്ടി. അതൊരു വനിതയായിരുന്നു.
ലക്നൗവിലെ ഡോക്ടര്‍
യു.പി. ലക്നൗവിലെ ഒരു മെഡിക്കല്‍ കോളജിലെ പി.ജി. വിദ്യാര്‍ഥിനിയായിരുന്ന ദീപ്തി സിങ്ങായിരുന്നു ആ മോഷ്ടാവ്. ലാപ്ടോപ് വില്‍ക്കുന്ന കടയിലേക്ക് മൊബൈല്‍ നമ്പറില്‍ വിളിച്ചതും ഇതേ ഡോക്ടര്‍ തന്നെ. ട്രൂ കോളറില്‍ നോക്കുമ്പോള്‍ ഡോക്ടര്‍ ദീപ്തി സിങ്ങിന്‍റെ പേര് തെളിഞ്ഞു വന്നു. ദീപ്തിയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചിച്ചു. ഗുജറാത്തിലെ മെഡിക്കല്‍ കോളജില്‍ പി.ജി. ഹോസ്റ്റലില്‍ നിന്ന് മോഷണം നടത്തിയതിന് പിടിക്കപ്പെട്ടു. വീട്ടുകാര്‍ ഉപേക്ഷിച്ചു ഈ യുവതിയെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അച്ഛന്‍. വീട് ഗുജറാത്തില്‍തന്നെയാണ്. സഹോദരന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ദീപ്തി പഠിച്ചത് ലക്നൗവില്‍ എം.ബി.ബി.എസിനായിരുന്നു. അതു പാസായി പി.ജിയ്ക്കു സീറ്റ് കിട്ടി. നല്ല ബ്രില്യന്‍റ് ആയിട്ടുള്ള ദീപ്തി പക്ഷേ, മോഷ്ടാവായി മാറി.
ട്രെയിനിലും ബസിലും യാത്രകള്‍
രാജ്യം മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട് ദീപ്തി സിങ്ങെന്ന് പൊലീസിന്‍റെ അന്വേഷണത്തില്‍ മനസിലായി. മെഡിക്കല്‍ പി.ജി കോഴ്സിനു പഠിക്കുന്ന ഹോസ്റ്റലുകളില്‍ മാത്രമേ കക്കാന്‍ ഇറങ്ങിയിട്ടുള്ളൂ ദീപ്തി. ഫോണ്‍ നമ്പര്‍ തേടി കേരള പൊലീസ് വരുമെന്ന് സ്വപ്നത്തില്‍ പോലും ദീപ്തി വിചാരിച്ചില്ല. തൃശൂരിലെ പ്രത്യേക അന്വേഷണ സംഘം ഈറോഡില്‍ നിന്നാണ് ദീപ്തിയെ പിടികൂടിയത്. അതും സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ. ഫോണ്‍ പരിശോധിച്ചപ്പോള്‍ രാജ്യം മുഴുവന്‍ യാത്ര ചെയ്തതിന്‍റെ പടങ്ങളും രേഖകളും. ബാഗില്‍ നിന്ന് ഒന്നു കൂടി കിട്ടി. ലൈംഗിക ഉത്തേജന ഉപകരണങ്ങള്‍. മുപ്പതു വയസുകാരിയായ ദീപ്തി അവിവാഹിതയാണ്.
പൊലീസിന്‍റെ കഠിന പ്രയത്നം ഫലം കണ്ടു
സിറ്റി സ്പെഷല്‍ ബ്രാഞ്ച് എ.സി.പി: കെ.സി.സേതു, തൃശൂര്‍ എ.സി.പി.: ശശിധരന്‍, പേരാമംഗലം ഇന്‍സ്പെക്ടര്‍ മഹേന്ദ്രസിംഹന്‍, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ: പി.കെ.പഴനി സ്വാമി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനീബ്, സിംസണ്‍, ശ്രീജിത്ത്, നൈജോണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പേരാമംഗലം സ്റ്റേഷനിലെ എസ്.ഐ: അശോകന്‍, എസ്.ഐ.: സുജിത്, എ.എസ്.ഐ: സുഗതന്‍, വനിതാ സി.പി.ഒ: സുമയ്യ എന്നിവരുടെ അദ്വാനവും അന്വേഷണത്തില്‍ നിര്‍ണായകമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.