തൃശൂരിൽ നിന്നും കോഴിക്കോടേക്ക് പോകുന്ന കെഎസ്ആർടിസി എസി ലോഫ്ലോർ ബസാണ് ഒരു വശം പൂർണ്ണമായി ചരിഞ്ഞ് അപകടകരമായ രീതിയിൽ സർവീസ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെ പെരുമ്പിലാവ് ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാനായി ബസ് നിർത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. 

 

തുടർന്ന് പെരുമ്പിലാവിലെ പൊതുപ്രവർത്തകനായ എം.എ.കമറുദീൻ ഡ്രൈവറെ സമീപിക്കുകയും ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്നും ഈ അവസ്ഥയിൽ സർവീസ് നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, യാതൊരു കൂസലുമില്ലാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്ത് യാത്ര തുടർന്നു.

 

ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നിട്ടും ഡ്രൈവർ ഈ മുന്നറിയിപ്പ് അവഗണിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. കൂടാതെ, ബസ് മാസങ്ങളോളമായി വൃത്തിയാക്കാത്ത നിലയിൽ ഇരുണ്ട അവസ്ഥയിലായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടകരമായ രീതിയിൽ സർവീസ് നടത്തിയ ബസ്സിന്റെ നമ്പറും സംഭവത്തിന്റെ വീഡിയോയും ഉൾപ്പെടെ ഗതാഗതമന്ത്രിക്ക് പരാതി നൽകി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായുള്ള ഇത്തരം നടപടികൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

A KSRTC AC low-floor bus operating between Thrissur and Kozhikode allegedly continued service despite leaning dangerously to one side. The incident, noticed at Perumpilavu bus stop, has raised serious concerns about passenger safety. Locals claim warnings were ignored and have submitted video evidence and a formal complaint to the Transport Minister, demanding immediate action.