Image Credit: അഭിജിത്ത് രവി (മനോരമ)

സമൃദ്ധിയുടെ നല്ല കാലത്തെ വരവേല്‍ക്കാന്‍ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രതീക്ഷകളാക്കി കണി കണ്ടും കൈനീട്ടം നല്‍കിയും മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സാധാരണ മേടം ഒന്നിനാണ് വിഷു എങ്കിലും ഇത്തവണ രണ്ടിനാണ് വിഷു ആഘോഷിക്കുന്നത്. ജ്യോതിഷ ശാസ്ത്രപ്രകാരം മേട സംക്രമത്തിന് ശേഷമുള്ള ആദ്യത്തെ സൂര്യോദയമാണ് വിഷു ആഘോഷത്തിനും കണികാണുന്നതിനും പരിഗണിക്കുന്നത്. മേടം ഒന്നിന് ഉദയത്തിന് ശേഷം പകല്‍സമയത്താണ് സൂര്യന്‍  മേടം രാശിയിലേക്ക് കടക്കുന്നത്. അതിനുശേഷമുള്ള ആദ്യ സൂര്യോദയം ഇന്നായതിനാലാണ് വിഷു ആഘോഷവും ഇന്നായത്. 

ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനായി ത്തിനായി വൻ ഭക്തജന തിരക്ക്. പുലർച്ചെ 2.50 മുതൽ 3.30 വരെയായിരുന്നു വിഷുക്കണി ദരശനം. ഈ  സമയത്ത് എത്തിയ ഭക്തർക്ക് മേൽശാന്തി കൈനീട്ടം നൽകി. ഓട്ടുളരിയിൽ ഉണക്കല്ലരി , വെള്ളരിക്ക , കണിക്കൊന്ന , ചക്ക , മാങ്ങ തുടങ്ങിയവ വിഷുക്കണിയ്ക്കായി ക്രമീകരിച്ചു. മേൽ ശാന്തി ടി.എം. കൃഷ്ണൻ നമ്പൂതിരി സ്വന്തം മുറിയിൽ കണ്ട ശേഷം ശ്രീലകവാതിൽ തുറന്നു. നാളികേരം ഉടച്ച് തിരിയിട്ട് ഓട്ടുരുളിയിൽ കണിക്കോപ്പ് ഉയർത്തി  കണ്ണനെ കാണിച്ചു.

ശബരിമലയിൽ പുലർച്ചെ നാലിന് നടതുറന്ന് അയ്യപ്പനെ വിഷുക്കണി കാണിച്ചു. മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും തന്ത്രി മഹേഷ് മോഹന രും ചേർന്നാണ് നടതുറന്നത്. തുടർന്ന് തീർത്ഥാടകർക്ക് മേൽശാന്തിയും തന്ത്രിയും ചേർന്ന് വിഷുക്കൈനീട്ടം നൽകി. വിഷുപുലരിയിൽ ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്കുണ്ട്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും വിഷുക്കണി ദർശനവും തീർത്ഥാടക പ്രവാഹവും തുടരുന്നു 

വരും വർഷത്തെ പ്രതീക്ഷകളെ കണിക്കാഴ്ചയിൽ ഒരുക്കി വിഷുവിനെ സ്വീകരിക്കുകയാണ് മലയാളികൾ. പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആചാരങ്ങൾക്കൊപ്പം ആഘോഷവും ഇഴ ചേരുന്നു. പുത്തനാണ്ടിന് ഐശ്വര്യമേകാൻ പ്രകൃതിയിലെ വിഭവങ്ങൾ ചേർത്തുവച്ച് വിഷുക്കണി. തലമുറകളെ കോർത്തിണക്കുന്ന കണികാണൽ. ട്രെൻഡിനൊപ്പം പാരമ്പര്യത്തനിമയുടെ ഗരിമയിലാണ് കോടിവസ്ത്രം. മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങുമ്പോൾ കുഞ്ഞുമക്കളുടെ മുഖത്ത് മധുരപുഞ്ചിരി തിളക്കം.

കണിയൊരുക്കുന്നതിലും കുടുംബത്തിന്റെ ഇമ്പമുണ്ട്. മുതിർന്നവരുടെ നിർദ്ദേശങ്ങൾ പുത്തൻ തലമുറയുടെ ആശയങ്ങൾക്കൊപ്പം ചേരും. വിഷുസദ്യയ്ക്കുള്ള വിഭവങ്ങൾ അകത്തളങ്ങളിൽ രുചി ഗന്ധം പരത്തുമ്പോഴേക്കും വീടുകളിലെ ആഘോഷം പോസ്റ്റുകളായും റീൽസുകളായും ഓൺലൈനിൽ നിറയും.  കഷ്ടപ്പാടുകൾക്കിടയിലും സ്വപ്നം കാണാൻ പഠിപ്പിച്ച വിഷു വരുംകാലത്തിന്റെ പ്രതീക്ഷയാണ്. പ്രകൃതി സമ്പത്ത് പങ്കുവയ്ക്കപ്പെടേണ്ടതാണെന്ന ആശയമാണ്. കാലം പോകേ ആചാരങ്ങളും ആഘോഷങ്ങളും മാറിയിട്ടുണ്ട്. കൂട്ടായ്മയുടെ, ഒത്തൊരുമയുടെ മാറ്റോടെ തുടരുകയാണ് മാറ്റമില്ലാത്ത വിഷു.

ENGLISH SUMMARY:

Malayalis across the globe are celebrating Vishu today, marking the beginning of a prosperous new year with traditional rituals and fervor. Devotees thronged major temples like Guruvayur and Sabarimala for the auspicious 'Vishukkani' darshan in the early hours of Wednesday. At Guruvayur Sree Krishna Temple, thousands caught a glimpse of the Lord decorated with yellow flowers, fruits, and grains, followed by the distribution of 'Kaineettam' by the head priest. Similarly, Sabarimala witnessed a massive rush where the Melsanthi and Thanthri led the rituals and offered coins to pilgrims. This year, Vishu is observed on Medam 2 due to specific astrological transitions regarding the Sun's entry into the Medam rasi. From traditional feasts (Sadhya) to modern-day social media reels, the festival beautifully blends ancient customs with contemporary celebrations.