ആലപ്പുഴയിൽ സിപിഎം നേതാവിനെതിരെ പാർട്ടി നേതൃത്വത്തിനും പൊലീസിനും ഗാർഹിക പീഡന പരാതി. വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും മാനസികമായി പീഡിപ്പിക്കുന്നതായും വൃദ്ധമാതാവ് പരാതി നൽകി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും മുൻ ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റുമായ എസ്. പവനനാഥനെതിരെയാണ് പരാതി.
ഇയാളും ഭാര്യയും മകളും ചേർന്ന് പലതവണ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും മാനസികമായി പീഡിപ്പിച്ചതായും അമ്മ വിമലാമണി മനോരമ ന്യൂസിനോട് പറഞ്ഞു. തന്നെ സഹായിക്കാനെത്തിയ മറ്റൊരു മകൾ അനിതയെ പവനനാഥൻ മർദിച്ചതായും പരാതിയുണ്ട്. തന്റെ കൂടി ഉടമസ്ഥാവകാശത്തിലുണ്ടായിരുന്ന സ്ഥലം വഞ്ചനയിലൂടെ പവനനാഥനും ഭാര്യയും സ്വന്തം പേരിലാക്കിയെന്നും വിമലാമണി ആരോപിക്കുന്നു.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിനും കായംകുളം ഏരിയ സെക്രട്ടറിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ അമ്മയെ വീട്ടിൽ താമസിപ്പിക്കില്ലെന്ന നിലപാടാണ് പവനനാഥൻ സ്വീകരിച്ചത്.
വയോജന സംരക്ഷണത്തിനുള്ള ഗാന്ധിഭവന്റെ പുരസ്കാരം നേടിയിട്ടുള്ള വ്യക്തിയാണ് പവനനാഥൻ എന്നതും ശ്രദ്ധേയമാണ്. മകനെതിരായ പരാതി പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. കായംകുളം ഏരിയ കമ്മിറ്റിയുടെ അടുത്ത യോഗം ഇക്കാര്യം ചർച്ച ചെയ്യും.