ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദേശം നല്‍കി. അതിനിടെ നിതിന്‍ രാജിന്‍റെ പുതിയ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു. ഒരു അധ്യാപകന്‍ തനിക്ക് നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും ഡോക്ടറായിട്ടേ താന്‍ പുറത്തിറങ്ങൂ എന്നുമാണ് സന്ദേശത്തില്‍.
നിതിന്‍ രാജ് ജീവനൊടുക്കിയിട്ട് അഞ്ചു ദിവസമായി. വലിയ സമ്മര്‍ദത്തിനൊടുവില്‍ സസ്പെന്‍ഷന്‍ നല്‍കിയതല്ലാതെ അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെ ഡെന്‍റല്‍ കോളജ് അധികൃതര്‍ കടുത്ത നടപടിയിലേക്ക് ഇപ്പോഴും കടന്നിട്ടില്ല. ഡോ. റാമിനെ പുറത്താക്കാന്‍ തീരുമാനിച്ചെങ്കിലും പ്രഖ്യാപനം വൈകുകയാണ്.
അതേസമയം, കോളജിനെതിരെ കടുത്ത നടപടി ഉറപ്പായി. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ട് കടുത്ത നടപടിക്ക് ആരോഗ്യ സര്‍വകലാശാല വി.സി മോഹനന്‍ കുന്നുമ്മലിന് നിര്‍ദേശം നല്‍കി. ഗവര്‍ണറുമായി വി.സി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിനിടെയാണ് നിതിന്‍റെ പുതിയ ശബ്ദരേഖ പുറത്തുവരുന്നത്. എന്തു പ്രശ്നമുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒരു അധ്യാപകന്‍ പറഞ്ഞിരുന്നുവെന്നും തനിക്ക് പഠിച്ച് ഡോക്ടറാകണമെന്നും ശബ്ദരേഖയിലുണ്ട്.
നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതിചേര്‍ത്ത ഡോ. റാമിന്‍റെയും , ഡോ. സംഗീതയുടെയും അറസ്റ്റ് വൈകിപ്പിക്കുകയാണ് പൊലീസ്. അധ്യാപകര്‍ ഒളിവിലാണ്. നാളെ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. അതേസമയം, ആരോഗ്യ സര്‍വകലാശാല അന്വേഷണ സമിതി കോളജിലെത്തി തെളിവെടുപ്പ് നടത്തും. സര്‍വകലാശാല ഭരണസമിതി അംഗം മേജര്‍ ജനറല്‍ അജിത് നീലകണ്ഠന്‍റെ നേതൃത്വത്തിലാകും തെളിവെടുപ്പ്. നാളെ അവധി കഴിഞ്ഞ് നിതിന്‍റെ സഹപാഠികളും കോളജിലെത്തും.