• കൂടുതല്‍ അധ്യാപകര്‍ക്കെതിരെ പരാതി നല്‍കാന്‍ വിദ്യാര്‍ഥികള്‍
  • ആര്‍ക്കെല്ലാം എതിരെ പരാതി നല്‍കണമെന്ന് തീരുമാനിക്കാന്‍ വാട്സാപ് പോള്‍
  • എട്ട് അധ്യാപകര്‍ക്കെതിരെ മാനേജ്മെന്റിനെ സമീപിക്കാന്‍ നീക്കം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർഥികൾ ഒരുങ്ങുന്നു. എട്ട് അധ്യാപകർക്ക് എതിരെയാണ് വിദ്യാർഥികൾ മാനേജ്മെന്റിന് പരാതി നൽകാൻ തയാറെടുക്കുന്നത്. ഇതിനു മുന്നോടിയായി വിദ്യാർഥികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകരുടെ പേര് സഹിതം വോട്ടെടുപ്പ് നടത്തി. 

ഒരു അധ്യാപകനെതിരെ മുന്നൂറോളം പേരാണ് പരാതി നൽകണമെന്ന് അഭിപ്രായപ്പെട്ടത്. മറ്റു രണ്ടുപേർക്കെതിരെ നൂറിലേറെ പേരും രംഗത്തുവന്നു. ക്ലാസുകളിൽ വിദ്യാർഥികൾക്കെതിരെ വൻതുക പിഴ അടപ്പിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചവർക്കെതിരെയാണ് വിദ്യാർഥികൾ പരാതി നൽകാൻ ഒരുങ്ങുന്നത്. നിതിൻ രാജിന്റെ സഹപാഠികൾ അവധി കഴിഞ്ഞ് നാളെ ക്യാമ്പസിൽ തിരിച്ചെത്തും. വിദ്യാർഥികളുടെ മൊഴി നാളെ രേഖപ്പെടുത്തിയേക്കും.

അതേസമയം, അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ വിവാദ അധ്യാപകന്‍ ഡോ. എം.കെ റാമിനെ പുറത്താക്കാന്‍ തീരുമാനം. തീരുമാനം വൈകാതെ മാനേജ്മെന്‍റ് പ്രഖ്യാപിക്കും. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വീണ്ടും വിദ്യാര്‍ഥികള്‍ രംഗത്തെത്തി. റാമിന്‍റ അധിക്ഷേപവാക്കുകള്‍ കേട്ട് വിദ്യാര്‍ഥിനി ക്ലാസില്‍ പൊട്ടിക്കരഞ്ഞുവെന്ന് സഹപാഠികള്‍ പറഞ്ഞു.  

Read More: ക്രൂരമായ ജാതി അധിക്ഷേപവും ബോഡി ഷെയ്മിങ്ങും; ഡോ. റാമിനെ പുറത്താക്കി

എം.കെ റാമിന്‍റെ ക്രൂരതകള്‍ ഓരോന്നായി പുറത്തെത്തുകയാണ്.  വെളുത്ത നിറം കൂടിയവരെ  വെള്ളപ്പാറ്റയെന്നും കുറഞ്ഞവരെ കറുത്തപശുവെന്നുമാണ് ഇയാള്‍ വിളിക്കുക. ഇതുകേട്ട് ഒരു പെണ്‍കുട്ടി കരയാന്‍ പോലും ഭയന്നുവെന്നും തുറന്നുപറച്ചില്‍.

അതിനിടെ റാമിനെതിരെ പരാതികളൊന്നും കിട്ടിയിരുന്നില്ലെന്ന വാദം പ്രിന്‍സിപ്പല്‍ ആവര്‍ത്തിച്ചു. നിതിന്‍രാജിന്‍റെ ലോണ്‍ ആപ്പ് വിഷയം കുടുംബത്തെ അറിയിക്കാന്‍ വിളിച്ചിരുന്നുവെന്നും ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനി. 

അതേസമയം തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതികരിച്ച വിദ്യാര്‍ഥികള്‍. നിരീക്ഷിക്കാന്‍ കോളജ് ആളെ വെച്ചുവെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യൂണിയന്‍ ഭാരവാഹികള്‍. ഡോ. റാമിനെ പുറത്താക്കല്‍ മാത്രമല്ല, മറ്റു പല അധ്യാപകര്‍ക്കെതിരെയും പരാതികള്‍ ഉയരുന്നുണ്ടെന്നും അവര്‍ക്കെതിരെയും നടപടി വേണമെന്നുമാണ് യൂണിയന്‍ ഭാരവാഹികളുടെ ആവശ്യം.

അല്ലാത്തപക്ഷം പഠിപ്പ് മുടക്കിയുള്ള പ്രതിഷേധം തുടരും. തീരുമാനമെടുക്കാന്‍ പവറില്ലാത്ത അഡ്മിനിസ്ട്രേറ്ററെയാണ് മാനേജ്മെന്‍റ് ചര്‍ച്ചക്ക് നിയോഗിച്ചതെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

Following the tragic suicide of Nithin Raj, students at Anjarakandy Dental College in Kannur are preparing to file formal complaints against eight additional faculty members for alleged harassment and imposing heavy fines. In a significant move, students conducted a WhatsApp poll to identify the teachers, with nearly 300 students voting against one particular faculty member.