കോഴിക്കോട് കൊയിലാണ്ടിയിൽ വിഷു ആഘോഷത്തിനിടെയുണ്ടായ പടക്ക അപകടത്തിൽ പതിനാറുകാരൻ മരിച്ചു. കൊരയങ്ങാട് തെരുവ് സ്വദേശി അനീഷിന്റെ മകൻ അദ്വൈത് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. കൊരയങ്ങാട് ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. സമീപത്തെ കടയിൽ നിന്ന് വാങ്ങിയ ഗുണ്ട് നിലത്ത് വെച്ച് അതിനു മുകളിൽ ഒരു സ്റ്റീൽ ചോറ്റുപാത്രം കമിഴ്ത്തി വെച്ച് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
പടക്കം പൊട്ടിത്തെറിച്ച ആഘാതത്തിൽ സ്റ്റീൽ പാത്രം തകരുകയും അതിന്റെ ചീളുകൾ അദ്വൈതിന്റെ നെഞ്ചിലേക്ക് തുളച്ചു കയറുകയും ചെയ്തു. അതീവ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അദ്വൈതിന്റെ സഹോദരനും പരിക്കേറ്റു. എന്നാൽ പരുക്കുകൾ നിസാരമാണെന്നാണ് റിപ്പോർട്ട്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.