ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം മരവിച്ച നിലയില്‍. ആറ് മാസമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് മാത്രമല്ല, കൂടുതല്‍ പേരുടെ അറസ്റ്റെന്ന എസ്.ഐടിയുടെ ഉറപ്പും പാഴായി. അന്വേഷണ സംഘത്തിലെ ഒരു എസ്.പി. വിരമിച്ചിട്ട് പകരക്കാരനെ നിയമിച്ചുമില്ല. ജംഷഡ്പുരില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടിയെന്നാണ് എസ്.ഐ.ടിയുടെ വിശദീകരണം.
ഹൈക്കോടതി നേരിട്ട് തിരഞ്ഞെടുത്ത അതിസമര്‍ഥരെന്ന് കരുതുന്ന എസ്.പി ശശിധരന്‍റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥരുടെ പട. മേല്‍നോട്ടത്തിന് എ.ഡി.ജി.പി എച്ച്.വെങ്കിടേഷ്. കൃത്യമായ ഇടവേളകളില്‍ ഹൈക്കോടതിയുടെ നിരീക്ഷണം. അങ്ങിനെ കൊട്ടിഘോഷിച്ച് നടന്ന അന്വേഷണം ലക്ഷ്യത്തിലെത്താതെ പാളിപ്പോയ അവസ്ഥയാണിപ്പോള്‍. കുറ്റപത്രം നല്‍കാതെ അറസ്റ്റിലായ പ്രതികള്‍ക്കെല്ലാം ജയിലില്‍ നിന്നിറങ്ങാന്‍ അവസരം ഒരുക്കിയത് മാത്രമല്ല എസ്.ഐ.ടിയുടെ പരാജയം. അഞ്ച് പേരേ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുന്‍പ് ഹൈക്കോടതിയില്‍ അറിയിച്ചിട്ടും ഒരാളെ പോലും പിടിച്ചില്ല. തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യാന്‍ പോലും ആരെയും വിളിക്കാതെ അന്വേഷണം മരവിപ്പിച്ചു. ഇപ്പോളും തൊണ്ടിമുതല്‍ എവിടെയെന്നോ? മോഷ്ടിച്ച സ്വര്‍ണത്തിന്‍റെ അളവെത്രയെന്നോ കണ്ടെത്തിയിട്ടില്ല.
ജംഷഡ്പൂരിലെ ലാബില്‍ നിന്നുള്ള ഫലം വരട്ടേയെന്നാണ് അതിനേക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി. അത് എന്ന് വരുമെന്ന് അറിയാത്തതിനാല്‍ കുറ്റപത്രം എന്ന് നല്‍കാനാകുമെന്നതിലും വ്യക്തതയില്ല. കുറ്റപത്രം നല്‍കണമെങ്കില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വാങ്ങണം. അതിനുള്ള അപേക്ഷ പോലും തയാറാക്കിയിട്ടില്ല. അപേക്ഷ നല്‍കിയാലും പുതിയ സര്‍ക്കാര്‍ വരാതെ ഇനി പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ല. അതോടെ അടുത്ത സര്‍ക്കാരിന്‍റെ നിലപാട് കുറ്റപത്രം നല്‍കുന്നതിലടക്കം നിര്‍ണായകമാവും.
ശശിധരനെ കൂടാതെ സംഘത്തിലുണ്ടായിരുന്ന എസ്.പി പി.ബിജോയ് കഴിഞ്ഞമാസം വിരമിച്ചിട്ട് പകരം ആളെ നിയമിച്ചിട്ടുമില്ല. ഇങ്ങിനെ ചുരുക്കത്തില്‍ ഒരുമാസത്തിലേറെയായി അനക്കമൊന്നുമില്ലാത്ത അവസ്ഥയിലാണ് സ്വര്‍ണക്കൊള്ള കേസ് അന്വേഷണവും എസ്.ഐ.ടിയും. ഈ മാസം അവസാനത്തോടെ ജംഷഡ്പൂരില്‍ നിന്നുള്ള ഫലം ലഭിക്കുമെന്നും അത് വിലയിരുത്തി തുടര്‍നടപടി വേഗത്തിലാക്കുമെന്നുമാണ് ആക്ഷേപങ്ങളോട് എസ്.ഐ.ടിയുടെ വിശദീകരണം.