ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ജീവനൊടുക്കാന്‍ കോളജിലെ വിചാരണയും കാരണമായെന്ന് പൊലീസ്. ലോണ്‍ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചുവയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് മനോവിഷമത്തിന് ഇടയാക്കി.  ലോണ്‍ ആപ്പുകാരുടെ സന്ദേശം ലഭിച്ച അധ്യാപിക പരാതി നൽകാൻ ഒരുങ്ങിയതും നിതിനെ  ആത്മഹത്യയിലേക്ക് എത്തിച്ചെന്ന്  പൊലീസ് പറയുന്നു. 

എന്നാല്‍ നിതിന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് കുടുംബത്തെ അറിയിക്കാമായിരുന്നെന്ന് സഹോദരി ഭര്‍ത്താവ് അശോകന്‍ പറഞ്ഞു. ടീച്ചറിന്‍റെ നമ്പര്‍ റഫറന്‍സ് ആയി കൊടുത്തതായിരിക്കാം. ടീച്ചര്‍ക്ക് പോയ സന്ദേശം സഹോദരിക്കും കിട്ടിയിട്ടുണ്ടെന്നും അശോകന്‍ പറഞ്ഞു. Also Read: ‘എന്റെ കുഞ്ഞ് സഹിച്ചതിനു കണക്കില്ല’; നിതിന്റെ പുസ്തകങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് മാതാപിതാക്കള്‍

അതേസമയം, ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്യുന്നത് വൈകും. അറസ്റ്റിനു മുമ്പ് പ്രതികൾക്കെതിരായ മൊഴികളും, തെളിവുകളും ശേഖരിക്കാനുള്ള ശ്രമങ്ങൾ ആണ് പോലീസ് നടത്തുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ പോലീസ് സംഘം ഇന്ന് തിരിച്ചെത്തും. ഇതിനുശേഷമാകും തുടർ നീക്കങ്ങൾ. പ്രതികളായ ഡോക്ടർ റാം, ഡോക്ടർ സംഗീത എന്നിവർ ഒളിവിലാണ്. ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ നിതിൻ രാജിന്‍റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. 

കണ്ണൂരിലെ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണത്തിനെതിരെ അംബേദ്കറേറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനാണ് എസ്പി ശ്രമിക്കുന്നതെന്ന് സംഘടനാ നേതാവ് എം. ഗീതാനന്ദൻ ആരോപിച്ചു. കോളജ് അധികൃതരുടെ പീഡനമാണ് മരണത്തിന് കാരണമെന്നിരിക്കെ, ലോണാപ്പുകൾ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് അന്വേഷണം അട്ടിമറിക്കാനാണ് എസ്പിയുടെ നീക്കം. ​നിലവിലെ അന്വേഷണത്തിൽ ജനങ്ങൾക്ക് തൃപ്തിയില്ല. പ്രതികളായ അധ്യാപകർ ജാമ്യത്തിൽ ഇറങ്ങിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, അത് കേസിനെ ദുർബലപ്പെടുത്തുമെന്നും ഗീതാനന്ദൻ ആശങ്ക പ്രകടിപ്പിച്ചു. ആരോപണവിധേയരായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംബേദ്കറേറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് കോളജിലേക്ക് പ്രതിഷേധ മാർച്ചും നടത്തുമെന്ന് ഗീതാനന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Police have stated that internal questioning at the college was also a factor behind the suicide of BDS student Nithin Raj. Following threats from loan app agents, the principal reportedly confiscated his phone and questioned him. Police say this interrogation caused severe mental distress, and that a teacher who received threatening messages from the loan app was preparing to file a complaint, which may have pushed Nithin towards death.