ബിഷപ്പുമാരെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് പി.സി.ജോർജിന് പരോക്ഷ മറുപടിയുമായി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്‍റെ അർഥമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ചോദിച്ചു. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നു. ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ലായെന്നും അദ്ദേഹം പറഞ്ഞു. പാലാ മുട്ടുചിറ ജയ്ഗിരി പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പളളി- തൃശൂര്‍ ബിഷപ്പുമാരെ ആക്ഷേപിച്ചാണ് പി.സി.ജോര്‍ജ് അടുത്തിടെ രംഗത്തെത്തിയത്. മഠങ്ങളില്‍ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ കാഞ്ഞിരപ്പളളി മെത്രാന്‍ ആവശ്യപ്പെട്ടത് വിവരക്കേടും ഊളത്തരവുമാണ്. മെത്രാന്മാര്‍ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്നും ഇതു നിര്‍ത്തുന്നതാണ് നല്ലതെന്നും പി.സി.ജോര്‍ജ് പറയുകയുണ്ടായി.

പ്രതികരണങ്ങളിൽ കത്തോലിക്ക കോൺഗ്രസ് കടുത്ത പ്രതിഷേധം  രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ജോര്‍ജിനെപ്പോലെയുളള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേടാണെന്നും ഇനിയും തുടര്‍ന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മാത്രമല്ല പി.സി.ജോര്‍ജിനെതിരെ ജോസ് കെ.മാണിയും മാണി സി.കാപ്പനും രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം, പി.സി.ജോര്‍ജിന്‍റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഭാഷയും ശൈലിയും അദ്ദേഹത്തിന് മാത്രം നിയന്ത്രിക്കാന്‍ പറ്റുന്നതാണെന്നും ഇതൊന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നുമാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്.  സഭയ്ക്ക് വേണ്ടി പാര്‍ട്ടിക്കുളളില്‍ നിലക്കുന്നവരെ ദുര്‍ബലമാക്കുന്ന നിലപാടില്‍ നിന്ന് ‘ദീപിക’ പിന്മാറണമെന്നും ഷോണ്‍ വിമര്‍ശിച്ചിരുന്നു. 

ENGLISH SUMMARY:

Pala Bishop Mar Joseph Kallarangatt has issued a strong rebuttal to BJP leader PC George’s recent derogatory remarks against Catholic bishops. Speaking at Muttuchira, the Bishop questioned whether religious leaders are expected to remain "voiceless beings" and asserted that threats from politicians would not intimidate the church. PC George had earlier criticized the Kanjirappally and Thrissur bishops for their alleged political involvement, calling their actions "foolish." While the Catholic Congress and leaders like Jose K. Mani condemned George's statements, his son Shaun George distanced himself from the remarks, stating they do not reflect the party's stance. The controversy has sparked a heated debate on the boundaries of political discourse and the role of religious leaders in democracy.