കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി അര്‍.എല്‍.നിതിന്‍രാജാണ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. കേരളത്തിലെ പൊതുയിടങ്ങളിലെ ജാതിയാണ് നിതിനെ കൊന്നതെന്നും നിതിനും കുടുംബത്തിനും നീതികിട്ടിയില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന് നീതികിട്ടിയിട്ടില്ല എന്നാണ് അര്‍ത്ഥമെന്നും വേടന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറിയിലൂടെയായിരുന്നു വേടന്‍റെ പ്രതികരണം.
വേടന്‍റെ വാക്കുകള്‍: ‘കേരളത്തിലെ ജാതി സമൂഹത്തിന്‍റെ അവസാനത്തെ ഇരയാണ് നിതിന്‍. കേരളത്തിലെ പൊതുയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയാണ് പഠിക്കണം എന്ന ആഗ്രഹത്തോടുകൂടി വന്ന പയ്യനെ കൊന്നുകളഞ്ഞത്. നിതിനും നിതിന്‍റെ അപ്പനും അമ്മയ്ക്കും നീതികിട്ടിയിട്ടില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന് നീതികിട്ടിയിട്ടില്ല എന്നാണ് അര്‍ത്ഥം’
അതേസമയം, നിതിന്‍ രാജിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. ഡോ. എം.കെ.റാം, ഡോ.സംഗീത എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി പട്ടിക വര്‍ഗ നിരോധന വകുപ്പും ചുമത്തിയിട്ടുണ്ട്. 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ എ.സി.പിക്കാണ് അന്വേഷണച്ചുമതല.
നിതിന് കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്ന് കുടുംബം ആവര്‍ത്തിക്കുന്നുണ്ട്. അധ്യാപകന്‍ റാം ഗുണ്ടയാണെന്ന് നിതിന്‍ രാജിന്റെ സഹോദരി നികിത മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു. നിറത്തിന്റെ പേരില്‍ എച്ച്ഒഡി നിതിനെ അപമാനിച്ചെന്നും നികിത ആരോപിച്ചു. പരീക്ഷയില്‍ തോല്‍പ്പിക്കുമോയെന്ന് നിതിന് ഭയമുണ്ടായിരുന്നു. മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകന്‍ റാം ഭീഷണിപ്പെടുത്തി. ക്ലാസ്മുറിയില്‍ അധ്യാപകന്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും നിതിന്‍റെ സഹോദരി പറഞ്ഞു. സഹപാഠികളുടെ മുന്നില്‍വച്ച് ഡെന്‍റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് സഹോദരി നികിത പറഞ്ഞിരുന്നു.