nithin-investigation

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം അന്വേഷിക്കാന്‍ 11 അംഗ സംഘം. കണ്ണൂര്‍ എ.സി.പിക്കാണ് അന്വേഷണച്ചുമതല. നിതിന്‍ രാജ് കടുത്ത ജാതി അധിക്ഷേപം നേരിട്ടെന്ന ഗുരുതര ആരോപണo കുടുംബം ആവര്‍ത്തിച്ചു. സഹപാഠികളുടെ മുന്നില്‍വച്ച് ഡെന്‍റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് സഹോദരി നികിത പറഞ്ഞു. 

നിറത്തിന്‍റേയും സാമ്പത്തികത്തിന്‍റേയും പേരില്‍ നിതിന്‍ വിവേചനം നേരിട്ടതായും, അധ്യാപകൻ മർദിച്ചതായും കുടുംബം വെളിപ്പെടുത്തി. ആക്ഷേപങ്ങൾ ചോദ്യം ചെയ്തപ്പോൾ പരീക്ഷയ്ക്ക് മാർക്ക് കുറച്ചും പീഢനമുണ്ടായി. അധ്യാപകരുടെ കറുത്തവൻ എന്ന കളിയാക്കലും സീനിയർ വിദ്യാർഥികളുടെ കൊടിയ റാഗിംങും നേരിട്ട് മുമ്പോട്ട് പോയ നിതിൻ ജീവനൊടുക്കിയന്ന വാദം കുടുംബം തള്ളുന്നു. 

നിതിൻ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രഫ. ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പൂക്കോട് വെറ്റിനറി കോളജിൽ റാഗിങിനേത്തുടർന്ന് മരിച്ച സിദ്ധാർഥിന്റെ അമ്മയും നിതിനെ അവസാനമായി കാണാൻ കണ്ണീരോടെ എത്തി. നിതിന്‍ രാജിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. 

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിനിരയായി സിദ്ധാര്‍ഥ് മരിച്ചതില്‍ നടപടിയെടുത്തെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കേരളത്തിന് അപമാനമാണ് ഇതെന്നും സതീശന്‍ കുറ്റപ്പെടുത്തി. നിധിന്‍ രാജിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ENGLISH SUMMARY:

Nithin Raj death investigation is underway in Kannur Dental College following serious allegations of caste abuse and harassment. A 11-member team is investigating the suicide of student Nithin Raj, who his family claims faced severe casteist slurs and discrimination.