കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം കേരള സ്റ്റോറി തന്നെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രേഖകൾ പെൺകുട്ടിയുടെ പിതാവ് തന്നതാണ്. പൊലീസും തദ്ദേശ വകുപ്പും ഉൾപ്പെടെ രേഖകൾ പരിശോധിച്ചതാണെന്നും എം.വി.ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘റിയല്‍ കേരള സ്റ്റോറി തന്നെയാണത്. കേരളത്തിൽ കല്യാണം കഴിക്കാൻ പറ്റുന്ന അന്തരീക്ഷം ഉണ്ട് എന്ന് മനസ്സിലാക്കിയാണ് യുവതിയും യുവാവും കേരളത്തിൽ വരികയും പൊലീസ് സ്റ്റേഷനിൽ പോവുകയും ചെയ്തത്. അച്ഛനുമുണ്ടായിരുന്നു. അച്ഛൻ കൊടുത്ത രേഖയാണ് അവരുടെ കയ്യിലുള്ള രേഖയെല്ലാം. ആ രേഖകളിലെല്ലാം പ്രായപൂർത്തിയായിട്ടുണ്ട്. പൊലീസ് പരിശോധിച്ചിട്ടുണ്ട്. അതുപോലെതന്നെ ക്ഷേത്ര കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. അതിനുശേഷം രജിസ്ട്രേഷനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിശോധിച്ചിട്ടുണ്ട്. എല്ലാവരും പരിശോധിച്ചതാണ്. കേസുവരുമ്പോള്‍ മാളത്തില്‍ ഒളിക്കുന്നവരല്ല ഞങ്ങള്‍’– എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഇത് തങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും പൊലീസ് അന്വേഷിച്ചോട്ടെ എന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ‘സംഘപരിവാറാണ് ഇതിന് പിന്നില്‍. ഇങ്ങനെ കല്യാണം കഴിക്കുന്നത് തന്നെ അവർക്ക് അദ്ഭുതമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റ കാര്യേയുള്ളൂ. രണ്ട് മതവിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. ഇവിടെ വന്നു പൊലീസ് സ്റ്റേഷനിൽ പോയി അവരുടെ അംഗീകാരത്തോട് കൂടി ക്ഷേത്ര കമ്മിറ്റിയായി ബന്ധപ്പെട്ടു ക്ഷേത്രത്തിൽ വിവാഹിതരായി. അവരെ ആശംസ അറിയിക്കാൻ വേണ്ടിയിട്ട് അവിടെ പോയിരിക്കുന്നു എന്ന് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ. ആ പോയത് ശരി എന്നാണ് അന്നും ഇന്നും ഞങ്ങളുടെ അഭിപ്രായം. അത് ഇനിയും തുടരും ഇതേപോലെ ഉള്ളതിനെയെല്ലാം പ്രോത്സാഹിപ്പിക്കും’– അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തരപ്രദേശുകാരൻ മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. അഞ്ചാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞ നടപടി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നീട്ടിയത്. മുഹമ്മദ് ഫര്‍മാനെതിരെ കേസെടുത്തുവോ എന്ന കാര്യത്തില്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്തതിന് പോക്‌സോ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.
പെണ്‍കുട്ടി വിവാഹ റജിസ്ട്രേഷന് വേണ്ടി ഹാജരാക്കിയ രേഖകള്‍ വ്യാജമായിരുന്നില്ലെന്ന് വിവാഹം റജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്തും നേരത്തേ പ്രതികരിച്ചിരുന്നു. ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം റജിസ്റ്റര്‍ ചെയ്തതെന്നും പഞ്ചായത്ത് സെക്രട്ടറി പൊലീസിന് മൊഴി നല്‍കി. അതിനിടെ വിവാഹത്തിന് കൂട്ടുനിന്ന എം.വി.ഗോവിന്ദനും വി.ശിവന്‍കുട്ടിയും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതിയും ലഭിച്ചിട്ടുണ്ട്. തൃശൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിഘ്നേശ്വര പ്രസാദാണ് പരാതി നല്‍കിയത്.