ചിക്കമംഗളൂരുവില്‍ ട്രെക്കിങ്ങിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ശ്രീനന്ദ വെള്ളച്ചാട്ടം കണ്ടശേഷം പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയിരുന്നു. മൃതദേഹം കിട്ടിയ ചെരിവ് ഗ്രൗണ്ടിന് മറുവശമാണ്. ആ ഭാഗത്തേക്ക് കുട്ടി പോയിട്ടില്ല. കാണാതായത് വ്യൂപോയിന്റില്‍ നിന്നാണ്. മൃതദേഹം കിട്ടിയ ഇടത്ത് ഇന്നലെയും തിരച്ചില്‍ നടത്തിയിരുന്നു. ശ്രീനന്ദ ചെറിയ സ്വര്‍ണമോതിരം ധരിച്ചിരുന്നു. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Also Read: പ്രാര്‍ഥനകള്‍ വിഫലം; 1500 അടി താഴ്ചയില്‍ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
നാലാംദിവസം ഊര്‍ജിതമായ തിരച്ചില്‍ തുടരുന്നതിനിടെ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. ബാബ ബുധന ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പെയില്‍ 1500 അടി താഴ്ചയിലാണ് മൃതദേഹം. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മൃതദേഹം ശ്രീനന്ദയുടേതാണെന്ന് പാലക്കാട് എസ്ഐ: സുനില്‍ സ്ഥിരീകരിച്ചു. നാല് ദിവസം മുന്‍പായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. ഇരുനൂറംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്. തെര്‍മല്‍ ക്യാമറകളും തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. കാണാതായ ദിവസം വന്ന വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടന്നിരുന്നു. കേരള പൊലീസും തിരച്ചിലില്‍ പങ്കെടുത്തു
ബാബാ ബുധന്‍ഗിരിയില്‍വച്ചാണ് പതിനാലുകാരിയെ നാലുദിവസംമുന്‍പ് കാണാതായത്. കുടുംബം ഉള്‍പ്പെട്ട നാല്‍പതംഗ സംഘത്തിലായിരുന്നു പാലക്കാടുകാരിയായ പെണ്‍കുട്ടി ഉണ്ടായിരുന്നത്.
ശ്രീനന്ദയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയെന്ന് സംശയം ഉണ്ടെന്നും കുടുബം പ്രതികരിച്ചിരുന്നു. ആ വഴിയില്‍ സിസിടിവി ഇല്ല. സിസിടിവി ഉള്ളത് 15 കിലോമീറ്റര്‍ ദൂരെ ആണെന്നും കുട്ടിയെ കാണാതായത് ആറുമിനിറ്റിനുള്ളില്‍ ആണെന്നും ശ്രീനന്ദയുടെ ചെറിയച്ഛന്‍ പ്രതികരിച്ചു. പ്രദേശത്ത് നിരവധി ഭിക്ഷക്കാരും തെരുവില്‍ ഉറങ്ങുന്നവരും ഉണ്ടായിരുന്നു. അവരറിയാതെ സംഭവിക്കില്ല. പക്ഷേ പൊലീസ് അവരെയൊന്നും ചോദ്യം ചെയ്യുന്നില്ല. പുറത്തുനിന്ന് വന്ന് തട്ടിക്കൊണ്ടുപോകാനാകില്ലെന്നും അജിത്ത് വെളിപ്പെടുത്തി. ഈ സ്ഥലം വ്യൂപോയിന്റെന്നും അപകടസ്ഥലമല്ലെന്നും പ്രദേശവാസി ജോണ്‍ പറഞ്ഞു.
വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് ഇവരെ കാണാതായത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്നു നടത്തുന്ന തിരച്ചിലിൽ ഡോഗ് സ്ക്വാഡുമുണ്ടായിരുന്നു. ഡ്രോൺ ക്യാമറകളും വിന്യസിച്ചു.
വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളി. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ശ്രീനന്ദയ്ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ അന്വേഷണ സംഘത്തെ സഹായിക്കാൻ സ്ഥലത്തു തങ്ങി.