യുവനടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം വേണമെന്ന രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജയിലിൽ കഴിയുന്ന പ്രതിക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു നടപടി. ഒന്നാം ഘട്ട കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.
Also Read: 'ഒടുവിലിന്‍റെ നാഭിക്കിട്ടും ചവിട്ടി; പ്രമുഖ നിര്‍മാതാവിനും രഞ്ജിത്തില്‍ നിന്ന് ദുരനുഭവം'
സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയില്‍ പറഞ്ഞു. തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട് .
കുറ്റം സമ്മതിച്ചില്ല എന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാവില്ല . ഏത് അന്വേഷണതോടും സഹകരിക്കും . അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത്ത് ബോധിപ്പിച്ചു.
രഞ്ജിത്തിന്റെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതു കോടതിയുടെ അനുമതിയോടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവസമയത്തു സെറ്റിലുണ്ടായിരുന്നവരെ നോട്ടിസ് നൽകി വിളിപ്പിച്ചാണു മൊഴിയെടുക്കുന്നത്. കുറ്റകൃത്യം നടന്ന അന്നുതന്നെ പ്രതി രഞ്ജിത് അതിജീവിതയെ ഫോണിൽ വിളിച്ചിരുന്നതായി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ പറഞ്ഞു.
നടി സെറ്റിൽ നിന്നു മടങ്ങിയ ഉടനാണു രഞ്ജിത് വിളിച്ചത്. എന്നാൽ നടി ഫോൺ എടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് നേരിട്ടു ഭീഷണിപ്പെടുത്തിയതായി ആക്ഷേപമില്ലെന്നും കമ്മിഷണർ പറഞ്ഞു. പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികതയില്ല. പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന സമയത്തു രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന നടൻ ബോബി കുര്യനെയും കാസ്റ്റിങ് ഡയറക്ടർ ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. അതിജീവിതയുടെ പേര് പലരും വെളിപ്പെടുത്തുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന സിറ്റി പൊലീസ് ഡിസിപി അശ്വതി ജിജി മുന്നറിയിപ്പു നൽകി.
ഫോർട്ട്കൊച്ചിയിലെ സിനിമാസെറ്റിൽ പ്രതിയുടെ ഭാഗത്തുനിന്നു ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചു യുവനടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിലാണു രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവയ്ക്കൽ, ലൈംഗികാവശ്യം ഉന്നയിക്കൽ തുടങ്ങിയ ഗൗരവ സ്വഭാവമുള്ള വകുപ്പുകൾ ചുമത്തി എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. തൊടുപുഴയിൽനിന്ന് രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദമാണു രഞ്ജിത്ത് ജാമ്യാപേക്ഷയിൽ ഉന്നയിച്ചത്.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെയും റൈറ്റേഴ്സ് യൂണിയന്റെയും പ്രാഥമികാംഗത്വത്തിൽനിന്നു രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു.