aleppy-ashraf

ലൈംഗികാതിക്രമ കേസില്‍ വിചാരണ നേരിടുന്ന സംവിധായകന്‍ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ ആലപ്പി അഷ്റഫ്. സിനിമ മാത്രമല്ല പീഡനവും ര‍ഞ്ജിത്തിന് വിനോദോപാധിയാണെന്ന് ആലപ്പി അഷറഫ് നേരത്തെ ഫെയ്സ്ബുക്കിലൂടെ ആരോപിച്ചിരുന്നു. കൂടാതെ ഒരു തമാശ പറഞ്ഞതിന്‍റെ പേരില്‍ ആറാം തമ്പുരാന്‍ സിനിമയുടെ സെറ്റില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍റെ കരണത്തടിച്ചെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ആലപ്പി അഷ്റഫ്

ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍ ഇങ്ങനെ...' ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ശേഷം മൂക്കുംകുത്തി പടുകുഴിയില്‍ വീണ സംവിധായകന്‍ ര‍ഞ്ജിത്തിന്‍റെ ആരുമറിയാത്ത ചില സത്യങ്ങള്‍. പീഡന പരമ്പരയുടെ ക്ലൈമാക്സ് എന്നോണം പീഡന തമ്പുരാന്‍ ര‍ഞ്ജിത്ത് ഇപ്പോള്‍ അഴിയെണ്ണിക്കൊണ്ടിരിക്കുകയാണ്. ശീതികരിച്ച സ്യൂട്ട് റൂമില്‍ മാത്രം ലീലാവിലാസങ്ങള്‍ അരങ്ങേറിത്തകര്‍ത്ത അയാളിന്ന് കൊടുംകുറ്റവാളികളോടൊപ്പം പരിവാരങ്ങള്‍ ആരും തന്നെയില്ലാതെ നിലത്ത് പായ വിരിച്ച് കൊതുക് കടിയും സഹിച്ച് കിടന്ന് ഉറങ്ങുകയാണ്. അത്യുന്നതങ്ങളില്‍ വിരാചിച്ച ഒരു സംവിധായകന് ഇതുപോലൊരു അധഃപതനം ഉണ്ടാകുന്നത് മലയാളസിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ്'. 

'അന്ന് ഞാന്‍ പറഞ്ഞത് മലയാളസിനിമയുടെ പ്രതിഭാധനനും വയോവൃദ്ധനും എല്ലാവര്‍ക്കും പ്രിയങ്കരനുമായിരുന്ന ഒടുവില്‍ ഉണ്ണിക്കൃഷ്ണനോട് കാണിച്ച ക്രൂരതയെക്കുറിച്ചായിരുന്നു. ഒരു ചെറിയ തമാശയുടെ പേരില്‍ മദ്യപിച്ച് ലക്കുകെട്ട രഞ്ജിത്ത് അഹങ്കാരം കൊണ്ട് ആ സാധുമനുഷ്യനെ ചെവിക്കല്ല് നോക്കി അടിച്ചുനിലത്തുവീഴ്ത്തി എന്നതാണ്. അടികൊണ്ടുവീണ ഒടുവിലിനെ എല്ലാവരും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുനീരോടെയുളള ആ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല'

'ഇന്നും ആ ദയനീയമായ മുഖം എന്‍റെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുകയാണ്. അന്ന് എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. ഞാനീസംഭവം എന്‍റെ ചാനലിലൂടെ വെളിപ്പെടുത്തിയപ്പോള്‍ അതുകണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവായ ജി. സുരേഷ് കുമാറായിരുന്നു. ഒരു കാര്യം പറയുമ്പോൾ അത് വളരെ കൃത്യമായി പറയേണ്ടതല്ലേ എന്ന് സുരേഷ് കുമാര്‍ എന്നോട് ചോദിച്ചു. ഞാന്‍ ചോദിച്ചു എന്തുപറ്റിയെന്ന്. അപ്പോള്‍ സുരേഷ് കുമാര്‍ പറഞ്ഞത് ഒടുവില്‍ വീണത് അടികൊണ്ടല്ല, അടിയുടെ കൂടെ നാഭിക്കിട്ട് ഒരു തൊഴികൂടെ കൊടുത്തു. ആ തൊഴിയുടെ ആഘാതത്തിലാണ് ഒടുവില്‍ വീണതെന്ന്. ആ ബഹളത്തിനിടയില്‍ അത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം'.

'കിഡ്നി രോഗം ബാധിച്ച് ചികില്‍സയിലിരിക്കുന്ന അദ്ദേഹത്തിന്‍റെ നാഭിക്കിട്ടാണ് ചവിട്ടിയതെന്ന് ഓര്‍ക്കണം. അദ്ദേഹം അന്ന് ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. ആ സാധുമനുഷ്യന്‍റെ നിവര്‍ത്തികേടും നിസ്സഹായാവസ്ഥയും കാരണമാണ് ആ പടത്തിലും പിന്നീട് അയാളുടെ മറ്റൊരു പടത്തിലും അഭിനയിക്കാന്‍ ഒടുവില്‍ നിര്‍ബന്ധിതനായത്. വീണ്ടും ചില സത്യങ്ങള്‍ കൂടി വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറെടുത്തപ്പോള്‍ സുരേഷ് കുമാര്‍ എന്നെ വിളിച്ചിട്ട് പറയുന്നു...താനിനി രഞ്ജിത്തിനെ ഒന്നും പറയല്ലേ..അയാള്‍ വലിയ അവശതയിലാണ്. കരള്‍മാറ്റ ശസ്ത്രക്രിയ ഒക്കെ കഴിഞ്ഞിരിക്കുകയാണെന്ന്. ഇനി അയാളെ വിട്ടേരെ എന്ന്. അതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാതിരുന്നത്'. 

'സിനിമാരംഗത്തുളള പല പ്രമുഖരെയും രഞ്ജിത്ത് തല്ലിയിട്ടുണ്ട്. പാവക്കൂത്ത് എന്ന ചിത്രത്തിന്‍റെ സെറ്റില്‍വച്ച് ഇന്നത്തെ ഒരു പ്രശസ്ത നിര്‍മാതാവിനെയും കരണത്തടിച്ചും നാഭിക്ക് ചവിട്ടിയും അയാള്‍ നിലത്തിട്ടിട്ടുണ്ട്. അദ്ദേഹത്തിന് ബുദ്ധിമുട്ടുളളതുകൊണ്ടാണ് പേര് ഞാനിപ്പോള്‍ വെളിപ്പെടുത്താത്തതെന്നും' ആലപ്പി അഷ്റഫ് പറയുന്നു.

അതേസമയം ര‍ഞ്ജിത്തിനെതിരായ ലൈംഗികാരോപണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അതിജീവിതയെ അതക്രമത്തിന് ശേഷവും  രഞ്ജിത്ത് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അതിജീവിത ഫോണെടുത്തില്ലെന്നും ഡിസിപി അശ്വതി ജിജി വെളിപ്പെടുത്തി. രഞ്ജിത്തിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് അന്വേഷിക്കുകയാണെന്നും ബോബി കുര്യനെയും ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Alappey Ashraf, a director, has leveled serious allegations against filmmaker Ranjith, who is currently facing a sexual assault case. Ashraf's accusations, shared via Facebook and his YouTube channel, detail incidents of alleged assault and misconduct within the Malayalam film industry.