Untitled design - 1

വനത്തിനുള്ളിൽ അകപ്പെട്ട ശേഷം രക്ഷപ്പെട്ട ജിഎസ് ശരണ്യക്കെതിരെ നപോക്‌ലു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കുടകിലെ ബിജെപി പ്രവർത്തകർ. ശരണ്യയെ കാണാതായ സംഭവം പ്രശസ്തിക്കായി നടത്തിയ നാടകമാണെന്നാണ് ബിജെപി പ്രാദേശിക നേതാക്കളുടെ പരാതി. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

യുവതിക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടാണ് ബിജെപി പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെയാണ് വനത്തിനുള്ളിൽ ശരണ്യയെ കാണാതായത്. നാല് ദിവസമായി തുടർന്ന തിരച്ചിലിനൊടുവിൽ ഞായറാഴ്ച വൈകുന്നേരമാണ് മലനിരകളുടെ താഴ്വാരത്തുള്ള വനമേഖലയിൽ നിന്ന് തിരച്ചിൽ സംഘം യുവതിയെ കണ്ടെത്തിയത്. 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8:30-ഓടെയാണ് കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ വനംവകുപ്പിന്റെ അനുമതിയോടെ കുടകിലെ തടിയൻഡ മോൾ മലനിരകളിൽ ട്രക്കിങ് ആരംഭിച്ചത്. ഉച്ചയ്ക്ക് തനിക്ക് വഴിതെറ്റിയെന്ന വിവരം ശരണ്യ ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ റേഞ്ചിന് നഷ്ടപ്പെട്ടതോടെ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. കനത്ത മഞ്ഞും വന്യമൃഗശല്യവുമുള്ള കൊടുംവനത്തിൽ മൂന്ന് രാത്രികളാണ് ശരണ്യ ഒറ്റയ്ക്ക് അതിജീവിച്ചത്. 

യുവതിയെ കണ്ടെത്താനായി ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് ഞായറാഴ്ച തിരച്ചിൽ നടത്തിയത്. കർണാടക വനവകുപ്പ്, പൊലീസ്, എന്നിവരടങ്ങുന്ന 40-ഓളം ഉദ്യോഗസ്ഥർ ദൗത്യത്തിൽ പങ്കാളികളായി. ആധുനിക സംവിധാനങ്ങളായ ഡ്രോണുകൾ, തെർമൽ സ്കാനറുകൾ, ഡോഗ് സ്ക്വാഡ് എന്നിവ ഉപയോഗപ്പെടുത്തിയായിരുന്നു പരിശോധന. വനമേഖലയിലെ ഒരു മരച്ചുവട്ടിൽ ഇരിക്കുന്ന നിലയിലാണ് തിരച്ചിൽ സംഘം ശരണ്യയെ കണ്ടെത്തിയത്.

ENGLISH SUMMARY:

GS Saranya's Kodagu trek has turned into a sensational event with a police complaint filed against her by local BJP workers alleging the incident was staged for publicity. The national media has reported on this development, and the police have initiated an investigation into the matter.