SupremeCourtnew

വയനാട് തുരങ്ക പാത നിർമാണത്തിനുള്ള പരിസ്ഥിതി അനുമതിയില്‍ ഇടപെടാതെ സുപ്രീം കോടതി. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.  അനുമതി ശരിവെച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.  തുരങ്കപാത പ്രദേശത്തിന്‍റെ ജീവനാഡിയാകും.  ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണിതെന്നും കോടതി ഇടപെട്ടാല്‍ പദ്ധതി വൈകാന്‍ മാത്രമേ കാരണമാകൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.  

400 പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച അപകട മേഖലയിലാണ് തുരങ്കം നിര്‍മിക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അക്കാര്യം എന്‍ജിനീയര്‍മാര്‍ പരിഗണിക്കുമെന്നും തുരങ്കപാത പലയിടത്തും നിര്‍മ്മിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.   58 നിബന്ധനകളോടെയാണ് സമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്, ഇവ പാലിക്കപ്പെട്ടില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

കോഴിക്കോട് ആനക്കാംപൊയിലിൽ നിന്നു കള്ളാടി വഴി വയനാട് മേപ്പാടിയിലെത്തുന്ന പാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. താമരശ്ശേരി ചുരത്തിനു ബദലായി ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാത നിർമിക്കാൻ ഡിസംബറിലാണ് ഹൈക്കോടതി പാരിസ്ഥിതിക അനുമതി നല്‍കിയത്. പദ്ധതി നിർവഹണത്തിന്റെ ഓരോ ഘട്ടത്തിലും സർക്കാരിന്റെ ജാഗ്രത ഉണ്ടാകണമെന്നു ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. ജനങ്ങളുടെ സുരക്ഷയ്ക്കു മുൻതൂക്കം നൽകിക്കൊണ്ട് പൊതുഉത്തരവാദിത്തം കാണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട് ആക്ഷേപമുണ്ടെങ്കിൽ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

The Supreme Court of India has refused to interfere with the environmental clearance granted for the Anakkampoyil-Kalladi-Meppadi tunnel road project in Wayanad. A bench headed by Chief Justice Suryakant dismissed the appeal filed by the Wayanad Prakruthi Samrakshana Samithi, emphasizing that the project is a lifeline for the region and of national importance. The court stated that the 58 conditions set by the expert committee must be followed during construction. This ruling upholds the Kerala High Court's earlier decision, allowing the LDF government to proceed with the alternative route to the Thamarassery Ghat road.